പടിയൂർ‌ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ; നാട്ടിലെത്തിക്കില്ലെന്ന് സൂചന

Published : Jun 13, 2025, 01:37 PM IST
premkumar murder case accused

Synopsis

പടിയൂർ ഇരട്ടക്കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കില്ലെന്ന് സൂചന. ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

തൃശ്ശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കില്ലെന്ന് സൂചന. ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ കേദാർനാദിലെ വിശ്രമ കേന്ദ്രത്തിലാണ് പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് കാണിച്ചുകൊടുത്തു സ്ഥിരീകരണം വരുത്തിയിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ അന്വേഷണസംഘത്തിന് കേദാർനാഥിൽ എത്താൻ ആയിട്ടില്ല. അതേ സമയം, പ്രേംകുമാറിന്റെ മരണം ആത്മഹത്യ എന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയാണ് പ്രേംകുമാർ.

മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്. ഇരിങ്ങാലക്കുട സ്വദേശികളായ രേഖയെയും രേഖയുടെ മാതാവ് മണിയെയും ആണ് പ്രേംകുമാർ കൊലപ്പെടുത്തിയത്. വീട്ടിൽ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അഴുകിയ നിലയിലായിരുന്ന മൃതദേഹത്തിന്റെ സമീപത്തുനിന്ന് രേഖയ്ക്കെതിരേ മോശം പരാമർശങ്ങളടങ്ങിയ ഒരു കത്തും ചില ചിത്രങ്ങളും ലഭിച്ചിരുന്നു. രേഖയുടെ ഭർത്താവായ പ്രേംകുമാറിനെ സംഭവത്തിന് ശേഷം കാണാതായതോടെയാണ് ഇയാളിലേക്ക് പൊലീസ് അന്വേഷണം കേന്ദ്രീകരിച്ചത്. പക്ഷേ, കൃത്യം നടത്തി നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.

കൊലപാതകത്തിന് ശേഷം പ്രതി ഫോൺ ഉപയോഗിച്ചിട്ടില്ലായിരുന്നു. പ്രേംകുമാർ എത്തിപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് വല വിരിച്ചിരുന്നു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രേംകുമാറിനായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. 2019ല്‍ ഉദയം പേരൂര്‍ വിദ്യ കൊലപാതകകക്കേസിലെ പ്രതി കൂടിയാണ് പ്രേംകുമാർ. ആദ്യ ഭാര്യ വിദ്യയെ കൊന്ന് കാട്ടിൽ കുഴിച്ചു മൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തിയത്. അന്വേഷണത്തിനൊടുവിലാണ് പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവം: ഫെൻസിങ് നടപടികൾ ആരംഭിക്കാൻ നിർദേശം
ജനങ്ങള്‍ കൺകുളിര്‍ക്കേ കാണുകയാണ്, എൽഡിഎഫ് ആയതുകൊണ്ടാണ് ദേശീയ പാത ഈ രീതിയിലാക്കാൻ കഴിഞ്ഞത്; മുഖ്യമന്ത്രി