
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും കേരളം ഇതുവരെ കര കയറിയിട്ടില്ല. ഇപ്പോഴും ജനങ്ങൾ അതിജീവനത്തിനായി പൊരുതുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ദുരിതാശ്വാസ ക്യാംപിലേക്കുള്ള മരുന്നും കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ ഏറ്റെടുക്കാനാളില്ലാതെ കെട്ടിക്കിടക്കുന്നത്. പ്രളയം നാശം വിതച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അയച്ച വസ്തുക്കളാണിത്. സെക്കന്തരാബാദ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പേരുകളാണ് സാധനങ്ങളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വസ്തുക്കൾ ഇങ്ങനെ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.
കുപ്പിവെളളം, അരി, മരുന്നുകൾ, ഗോതമ്പ്, വസ്ത്രങ്ങൾ, ബ്രഡ്ഡ് എന്നിവയടങ്ങിയ കെട്ടുകളാണ് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഏറെക്കുറെ ഉപേക്ഷിച്ച അവസ്ഥയിൽ കാണപ്പെടുന്നത്. അരിയുടെയും ഗോതമ്പിന്റെയും ചാക്കുകൾ പൊട്ടിയ അവസ്ഥയിലാണ്. അതുപോലെ കുപ്പിവെള്ളത്തിന്റെ ബോട്ടിലുകളും പൊട്ടി പ്ലാറ്റ്ഫോമിൽ വെള്ളമൊഴുകിയിട്ടുണ്ട്. ബ്രഡ്ഡുകൾ പൂപ്പൽ പിടിച്ച് ഭക്ഷ്യയോഗ്യമല്ലാത്ത അവസ്ഥയിലാണ്. അരിയും ഗോതമ്പിന്റെയും ചാക്കുകൾ കാക്ക കൊത്തിപ്പൊട്ടിച്ച് പ്ലാറ്റ്ഫോമിൽ ചിതറിക്കിടക്കുന്ന കാഴ്ചയുമുണ്ട്.
ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്ററോട് ഈ സാധനസാമഗ്രികളെക്കുറിച്ച് അന്വേഷിച്ചപ്പോൾ പാഴ്സൽ സർവ്വീസിൽ തിരക്കാനായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് ലഭിച്ച മറുപടി. എന്നാൽ അവിടെയുളളവർക്കും ഈ പാഴ്സലുകളെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ മിക്ക ക്യാംപുകളിൽ നിന്നും ആളുകളെല്ലാം വീടുകളിലേക്ക് മടങ്ങിപ്പോയിക്കഴിഞ്ഞു. വീടുകളിൽ തിരികെയെത്തിയവർ അതിരൂക്ഷമായ രീതിയിൽ ഭക്ഷ്യവസ്തുക്കളുടെയം കുടിവെള്ളത്തിന്റെയും ദൗർലഭ്യം അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam