പ്രേംകുമാറിന് പിന്നാലെ രേണു രാജും; കൊട്ടക്കമ്പൂരിലെ പട്ടയം റദ്ദാക്കിയവരെ ഒന്നൊന്നായി സ്ഥലം മാറ്റി സർക്കാർ

By Web TeamFirst Published Sep 26, 2019, 11:47 AM IST
Highlights

ഭൂമി കൈയ്യേറ്റത്തിനെതിരെ നടപടിയെടുക്കുന്നവർ സ്ഥാനത്ത് തുടരില്ലെന്ന് ദേവികുളത്തെ ചരിത്രം  ആവർത്തിക്കുന്നു. ഇടുക്കിയിലെ ഭൂമാഫിയക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുത്ത രേണു രാജിന്റെ സ്ഥലംമാറ്റത്തിന് തൊട്ടു പിന്നാലെ ഉദ്യോഗസ്ഥർക്കും സ്ഥലംമാറ്റം. കഴിഞ്ഞ 9 വർഷത്തിനിടെ ദേവികുളത്ത് വന്ന് പോയത് 15 സബ് കളക്ടർമാർ

ദേവികുളം: കൊട്ടക്കമ്പൂരിൽ ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയം സബ്കളക്ടറെസ്ഥലം മാറ്റിയതിന് പിന്നാലെ ഉദ്യാോഗസ്ഥർക്കും സ്ഥലം മാറ്റം. ചിന്നക്കനാലിലെ കയ്യേറ്റങ്ങൾ അന്വേഷിക്കുന്ന സംഘത്തിലെ 10 പേർക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. 12 അംഗ സംഘത്തിൽ 2 പേരെ മാത്രം നിലനിർത്തി. പുതിയ സംഘത്തെ നിയമിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.  പുതിയ സംഘത്തിലെ റവന്യൂ ഉദ്യാഗസ്ഥർക്ക് നിലവിൽ ചെയ്യുന്ന ജോലിയുടെ കൂടെ  അധികചുമതലയായാണ്  കയ്യേറ്റം കണ്ടെത്താനുള്ള സംഘത്തിലെ അംഗത്വം നൽകിയിരിക്കുന്നത്. ഇടുക്കിയിലെ ഭൂമാഫിയക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുത്ത രേണു രാജിനെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് തൊട്ടു പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ലഭിച്ചത്. കൈയ്യേറ്റത്തിനെതിരെ നടപടിയെടുക്കുന്നവർ സ്ഥാനത്ത് തുടരില്ലെന്ന ദേവികുളത്തെ  ചരിത്രം ഇതോടെ വീണ്ടും ആവർത്തിക്കപ്പെടുകയാണ്.

ദേവികുളം സബ്കളക്ടർ ആയിരുന്ന വി.ആർ.പ്രേംകുമാറിന് പിന്നാലെയാണ് സർക്കാർ രേണു രാജിനെ സ്ഥലം മാറ്റിയത്. പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് രേണു രാജിന്റെ പുതിയ നിയമനം. ജോയ്സ് ജോർജ്ജിന്റെയും കുടുംബാഗങ്ങളുടെയും പേരിൽ കൊട്ടക്കമ്പൂരിലുള്ള 20 ഏക്കർ സ്ഥലത്തിന്റെ അഞ്ച് പട്ടയങ്ങൾ ആദ്യം റദ്ദാക്കിയത് ദേവികുളം സബ് കളക്ടർ ആയിരുന്ന പ്രേംകുമാറായിരുന്നു. പട്ടയം ഉടമകൾ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ജോയ്സ് ജോർജ് ഹാജരായില്ല. തുടർന്ന് എംപിയുടെയും കുടുംബാംഗങ്ങളുടെയും ഭൂമിയില്‍ ഉണ്ടായ ക്രമക്കേട് ചൂണ്ടിക്കാട്ടി പട്ടയം റദ്ദാക്കുകയായിരുന്നു. വിഷയത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർക്ക് ജോയ്സ് ജോർജ് എംപി പരാതി നൽകിയെങ്കിലും നിലപാടിൽ പ്രേംകുമാർ ഉറച്ചു നിന്നു. 

രാഷ്ട്രീയസമ്മർദ്ദങ്ങൾക്കും വഴങ്ങാതെ ഇത്തരത്തിൽ മൂന്നാറിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ ശക്തമായ നടപടി തുടരുന്നതിനിടെ ആണ് പ്രേംകുമാറിനെ സർക്കാർ മാറ്റിയത്. തുടർന്നായിരുന്നു കഴിഞ്ഞ നവംബർ 19ന്  പ്രേംകുമാറിന്റെ പിൻഗാമിയായി രേണു രാജിന്റെ വരവ്. ദേവികുളത്തെ ഭൂമാഫിയക്കെതിരെ കടുത്ത നിലപാട് തന്നെയാണ് രേണുവും സ്വീകരിച്ചത്. 

ഹൈക്കോടതി നിർദ്ദേശ ഉത്തരവ് അനുസരിച്ചുള്ള എൻഒസി ഇല്ലാതെ മുതിരപ്പുഴയുടെ തീരത്ത് പഞ്ചായത്ത് നിർമ്മിച്ച വനിതാവ്യവസായ കേന്ദ്രത്തിന്റെ പണികൾ സബ്കളക്ടർ തടഞ്ഞു. ഇതോടെ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ സബ്കളക്ടർക്ക് എതിരെ രംഗത്തെത്തി. പഞ്ചായത്തിന്റെ സ്ഥലത്ത് നിര്‍മാണം നടത്തുന്നതിന്റെ ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നും അറിവില്ലാത്ത  സബ് കളക്ടർ കാര്യങ്ങള്‍ പഠിക്കണമെന്നുമായിരുന്നു രാജേന്ദ്രന്റെ പ്രസ്താവന. പരാമർശത്തിൽ എംഎൽഎ ഖേദം പ്രകടിപ്പിച്ചെങ്കിലും രേണു രാജ് രാഷ്രീയ നേതാക്കളുടെ  കണ്ണിലെ കരടായി. പിന്നീട് മൂന്നാർ മേഖലയിലെ പല കയ്യേറ്റങ്ങൾക്ക് എതിരെയും രേണു രാജ്  നടപടി സ്വീകരിച്ചു. 

കഴിഞ്ഞ ദിവസമാണ് ജോയ്സ് ജോർജ്ജിൻറെയും കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കിയത്. നടപടി സിപിഎം നേതൃത്വത്തെ അതൃപ്തിയിലാക്കി. ജോയ്സ് ജോർജിന്റെയും കുടുംബത്തിന്റെയും പട്ടയം റദ്ദാക്കിയതോട്  കൂടി തന്നെ സബ് കളക്ടർ സ്ഥാനത്ത് നിന്ന് രേണു രാജ് തെറിക്കുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു.ഒടുവിൽ  പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത ദിവസം തന്നെ രേണു രാജ് സബ്കളക്ടറിന്റെ കസേരയിൽ നിന്ന് തെറിച്ചു. മൂന്നാർ ടൌണിലെ മുതിരപ്പുഴയാർ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതും സ്ഥലം മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.

ഭൂമാഫിയ അരങ്ങു വാഴുന്ന ദേവികുളത്ത് കഴിഞ്ഞ 9 വ‌ർഷത്തിനിടെ 15 സബ് കളക്ട‍ർമാർ ആണ് വന്നു പോയത്. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷം മാത്രം സബിൻ സമദ്, എൻടിഎൽ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമൻ, വി.ആ‌ർ പ്രേംകുമാർ എന്നീ അഞ്ച് പേരുടെ കസേര തെറിച്ചു.അവരുടെ വഴിയേ അവസാനമായി ഡോ.രേണു രാജും. സബ്കളക്ടറെയും പിന്നാലെ ഉദ്യോഗസ്ഥരെയും  മാറ്റിയതോടെ മൂന്നാറിലെ കയ്യേറ്റങ്ങൾക്ക് എതിരെയുള്ള നടപടി നിലക്കുമോയെന്ന ആശങ്കയാണ്  ഉയരുന്നത്.

click me!