രഹസ്യ രേഖകള്‍ ശേഖരിച്ചു; മ്യാന്മാറിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ

Published : Sep 03, 2018, 12:19 PM ISTUpdated : Sep 10, 2018, 03:15 AM IST
രഹസ്യ രേഖകള്‍ ശേഖരിച്ചു; മ്യാന്മാറിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ

Synopsis

'' എനിക്ക് ഭയമില്ല. ഞാന്‍ തെറ്റായൊന്നും ചെയ്തിട്ടില്ല. ഞാന്‍ നീതിയിലും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു. '' ശിക്ഷിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരിലൊരാളായ വാ ലോണ്‍ പറഞ്ഞു. 

യാങ്കൂണ്‍: രാജ്യത്തിന്‍റെ രഹസ്യ നിയമം ലംഘിച്ചുവെന്ന കേസില്‍ റോയിറ്റേഴ്സിന്‍റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മ്യാന്മാര്‍ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 32 കാരനായ വാ ലോണ്‍, 28 കാരനായ ക്യാ സോ ഓ എന്നിവരെയാണ് തടവിന്  ശിക്ഷിച്ചത്. ഒമ്പത് മാസത്തോളമായി തടവില്‍ കഴിയുകായാണ് വാ ലോണും ക്യാ സോ ഓയും. 

രാജ്യ സുരക്ഷയെ ബാധിക്കുന്ന അതിവ രഹസ്യ രേഖകള്‍ ശേഖരിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. ഓദ്യോഗിക രഹസ്യ  നിയമം ലംഘിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരുടെയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു. മ്യാന്മാറിലെ റാഖൈനില്‍ റോഹിങ്ക്യകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് 2017 ഡിസംബര്‍ 12 നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതത്. മ്യാന്മാര്‍ സ്വദേശികളാണ്  വാ ലോണും ക്യാ സോ ഓയും. 

ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെ നിയമം ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ യുഎന്‍ അടക്കമുള്ള സംഘടനകളും രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ആക്ടിവിസ്റ്റുകള്‍, ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളും ഇരുവരുടെയും മോചനം ആവശ്യപ്പെട്ടിരുന്നു. 

നോര്‍ത്ത് യാങ്കോണിലെ റെസ്റ്റോറന്‍റില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ്  രണ്ട് പൊലീസുകാരാണ് തങ്ങള്‍ക്ക് രേഖകള്‍ കൈമാറിയതെന്ന് മാധ്യപ്രവര്‍ത്തകര്‍ കോടതിയില്‍ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരെ വലയിലാക്കാന്‍ തയ്യാറാക്കിയ നാടകമായിരുന്നു റെസ്റ്റോറന്‍റില്‍ അരങ്ങേറിയതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. റോഹിങ്ക്യ മുസ്ലീംങ്ങളെ കൂട്ടക്കൊല ചെയ്ത വാര്‍ത്ത നല്‍കുന്നതില്‍നിന്ന് ഇവരെ തടയാന്‍ വേണ്ടിയായിരുന്നു ഈ നടപടിയെന്നും ഇയാള്‍ കോടതിയെ അറിയിച്ചിരുന്നു. 

9 മാസമായി കുടുംബവുമായി ഒരു ബന്ധവുമില്ലാതെ തടവില്‍ കഴിയുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ക്യോ സോയ്ക്ക് മൂന്ന് വയസ്സ് പ്രായമായ മകള്‍ ഉണ്ട്. വാ ലോണിന്‍റെ ഭാര്യ അവരുടെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത് കഴിഞ്ഞ മാസമാണ്. വിധി കേട്ട് ഇരുവരുടെയും കുടുംബങ്ങള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍ ഒന്നിനെയും ഭയക്കുന്നില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ പ്രതികരണം. 

'' എനിക്ക് ഭയമില്ല. ഞാന്‍ തെറ്റായൊന്നും ചെയ്തിട്ടില്ല. ഞാന്‍ നീതിയിലും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു. '' ശിക്ഷിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരിലൊരാളായ വാ ലോണ്‍ പറഞ്ഞു. ''മ്യാന്മാറിനും റോയിറ്റേഴ്സിന്‍റെ മാധ്യമപ്രവര്‍ത്തകരായ വാ ലോണിനും ക്യാ സോ ഓയ്ക്കും എല്ലായിടത്തുമുള്ള മാധ്യമങ്ങള്‍ക്കും ഏറെ ദുഃഖകരമായ ഒരു ദിവസമാണ് ഇന്ന്'' എന്ന് റോയിറ്റേഴ്സ് എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീഫന്‍ ജെ ആഡ്ലര്‍ വിധിയോട് പ്രതികരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ദരിദ്ര രാജ്യങ്ങളും പലസ്തീൻ നിലപാടും നിർണായകമായി', കൂടുതൽ രാജ്യങ്ങൾക്ക് അമേരിക്കയുടെ യാത്രാ വിലക്ക്
7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്; 'പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല'