
പാലക്കാട്: പാലക്കാട് നഗരത്തിലെ വെളളക്കെട്ടുളള പ്രദേശങ്ങളിൽ അഗ്നിശമന സേന ബോട്ടിറക്കിയുള്ള രക്ഷാപ്രവർത്തനത്തിലാണ്. ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയത്തോടെയാണ് രക്ഷാപ്രവര്‍ത്തനം ബോട്ടിറക്കിയത്. മലമ്പുഴ, വാളയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെയാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളത്തിലായത്.
രണ്ടുദിവസമായി തുടരുന്ന കനത്ത മഴ. മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ ഷട്ടറുകൾ 75 സെന്റീമീറ്ററിലേക്ക് ഉയർത്തി. വാളയാർ ഡാമിൽ നിന്നുളള ജലപ്രവാഹം കൂടി കനത്തതോടെ മുക്കൈ പുഴയുടെ തീരത്തുളള ആണ്ടിമഠം, ശംഖുവാരത്തട് , സുന്ദരംകോളനി തുടങ്ങിയ പ്രദേശങ്ങൾ വെളളത്തിനടിയിൽ. മലമ്പുഴയിൽ ചപ്പാത്തിൽ വെളളം കയറിയതോടെ യാത്ര നിരോധിച്ചു.
ഭവാനിപ്പുഴയിൽ വെളളം കയറിയതിനെ തുടർന്ന് അട്ടപ്പാടിയിലെ മിക്ക ഊരുകളും ഒറ്റപ്പെട്ടു. ആളുകകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയതിനാൽ ആശങ്കയ്ക്ക് വകയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അട്ടപ്പാടിയിൽ വെളളം കയറി ദുരിതത്തിലായ 50 കുടുംബങ്ങളെയാണ് കൂക്കംപാളയത്ത് മാറ്റിപ്പാർപ്പിച്ചത്. നേരത്തെ തുറന്ന പോത്തുണ്ടി, മംഗലം എന്നീ അണക്കെട്ടുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് കനത്ത നീരൊഴുക്കുളളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ 15 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വേണമെങ്കിൽ കൂടുതൽ ക്യാംപുകൾ തുറക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam