ഫെലോഷിപ്പ് തുക വര്‍ധിപ്പിക്കണം; ഗവേഷക വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക്

By Web TeamFirst Published Dec 19, 2018, 11:15 PM IST
Highlights

2014 ന് ശേഷം ഫെലോഷിപ്പ് തുകയില്‍ പരിഷ്കരണം നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം. വിലക്കയറ്റത്തിന് ആനുപാതികമായ വര്‍ധനവ് ഫെലോഷിപ്പില്‍ വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം

തിരുവനന്തപുരം: ഫെല്ലോഷിപ്പ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി രാജ്യമെമ്പാടുമുള്ള ഗവേഷക വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക്. 2014 ന് ശേഷം ഫെലോഷിപ്പ് തുകയില്‍ പരിഷ്കരണം നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം. വിലക്കയറ്റത്തിന് ആനുപാതികമായ വര്‍ധനവ് ഫെലോഷിപ്പില്‍ വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇത് സംബന്ധിച്ച പരാതി നിരവധി തവണ ഉന്നയിച്ചെങ്കിലും മാനവ വിഭവശേഷി മന്ത്രാലയത്തില്‍ നിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. 

പ്രക്ഷോഭത്തിന് മുന്നോടിയായി തിരുവനന്തപുരത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ കേരള യൂണിവേഴ്സിറ്റിയിലേക്ക് മൗന ജാഥ നടത്താനും തീരുമാനിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് , കേരള യൂണിവേഴ്‌സിറ്റി തുടങ്ങിയ ഗവേഷക സ്ഥാപനങ്ങളിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ മൗനജാഥയില്‍ പങ്കെടുക്കും.

നിലവില്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് 25000 രൂപയും, സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് 28000 രൂപയുമാണ് നല്‍കുന്നത്. ഇത് യഥാക്രമം 50000 രൂപയും, 56000 രൂപയും ആയി ഉയര്‍ത്തണമെന്നാണ് സമരത്തിന് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം. കേന്ദ്രസംസ്ഥാന ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും കാലാനുസൃതമായ വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ രാഷ്ട്ര പുരോഗതിക്കും ശാസ്ത്രസാങ്കേതിക വിദ്യയുടെ ഉന്നമനത്തിനും  പ്രവര്‍ത്തിക്കുന്ന ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് ഗവേഷക വിദ്യാര്‍ത്ഥികളുടെ ആരോപണം. 

click me!