
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്ന് 47 മില്ല്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) ഏതാണ്ട് ഒരു വര്‍ഷത്തിലധികമായി ഗുജറാത്തിലും രാജസ്ഥാനിലും നടത്തിവരികയായിരുന്ന ഗവേഷണത്തിന് ഇതോടെ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടായിരിക്കുകയാണ്.
കടല്‍ജീവികളുടെ ഫോസിലുകളാണ് ഗവേഷണത്തിനിടെ ജയ്‌സാല്‍മീറിലെ ബാന്ദയില്‍ നിന്ന് കണ്ടെടുത്തിരിക്കുന്നത്. തിമിംഗലം, സ്രാവുകളുടെ പല്ല്, മുതലയുടെ പല്ല്, ആമയുടെ എല്ലുകള്‍ എന്നിവയുടെയെല്ലാം ഫോസിലുകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു. 47 മില്ല്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതായതിനാല്‍ അത്രയും കാലം മുമ്പ് ഇവിടെ കടലായിരുന്നു എന്ന നിഗമനത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍ എത്തിയിരിക്കുന്നത്.
ആദിമ രൂപത്തിലുള്ള തിമിംഗലത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെടുത്ത ഫോസിലുകള്‍ ഏറ്റവും പ്രധാനമെന്ന് മുതിര്‍ന്ന ഗവേഷകന്‍ കൃഷ്ണകുമാര്‍ അറിയിച്ചു. 'മുമ്പ് ഈ പ്രദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ജീവിവര്‍ഗ്ഗങ്ങളുടെ അവശിഷ്ടങ്ങളുമായി ഒത്തുനോക്കുമ്പോള്‍ മരുഭൂമിയാകും മുമ്പ് ഇവിടെ കടലായിരുന്നു എന്നുതന്നെയാണ് അനുമാനിക്കാനാകുന്നത്'- കൃഷ്ണകുമാര്‍ പറഞ്ഞു.
ഗുജറാത്ത് കേന്ദ്രീകരിച്ചും സമാനമായ പഠനം തുടരുകയാണ്. നേരത്തേ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം രാജസ്ഥാന്‍ പോലെ കടലിനടിയിലായിരുന്നു ഗുജറാത്തുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന വ്യക്തമായ തെളിവുകള്‍ ഇനിയും ഗുജറാത്തില്‍ നിന്ന് കണ്ടെടുത്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam