വായ്പാകുടിശിക; തേക്കടിയില്‍ രണ്ടു നക്ഷത്ര റിസോർട്ടുകള്‍ ജപ്തി ചെയ്തു

By Web DeskFirst Published Dec 28, 2016, 5:36 PM IST
Highlights

വായ്പ, തിരിച്ചടവിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് തേക്കടിയിലെ രണ്ട് നക്ഷത്ര റിസോർട്ടുകൾ ജപ്തി ചെയ്യാൻ ഫെഡറൽ ബാങ്ക് അധികൃതർ നടപടി ആരംഭിച്ചു.  എന്നാൽ നടപടികൾ പുരോഗമിക്കുന്നതിനിടെ പണം അടക്കാമെന്ന ഉടമകളുടെ ഉറപ്പിൽ, എറണാകുളം ഡെബ്റ്റ് റക്കവറി ട്രൈബ്യൂണൽ ജപ്തിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ചു.

വിജയാ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ തേക്കടിയിൽ പ്രവർത്തിക്കുന്ന പഞ്ച നക്ഷത്ര ഹോട്ടലായ എലിഫന്റ് കോർട്ടും, പെപ്പർവൈൻ എന്ന റിസോർട്ടുമാണ് ജപ്തി ചെയ്യാൻ ഇടുക്കി സിജെഎം കോടതി കോടതി ഉത്തരവിട്ടത്.  റിസോർട്ടുകൾ പണയപ്പെടുത്തി 27 കോടി രൂപ ഉടമകൾ വായ്പയെടുത്തിരുന്നു.  മുതലും പലിശയും അടക്കാതെ വന്നതിനെ തുടർന്ന് ഫെഡറൽ ബാങ്ക് കോടതിയെ സമീപിച്ചു.  പണം ആടക്കാത്തതിനാൽ റിസോർട്ടുകൾ ജപ്തി ചെയ്യാൻ കോടതി 2015 ൽ അനുമതി നൽകി.  

അഞ്ചു തവണ ജപ്തി നടപടികൾക്കായി ബാങ്ക് അധികൃതരും കോടതി നിയോഗിച്ച കമ്മീഷനും എത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ സമയക്കുറവു മൂലം മാറ്റിവച്ചു.  തുടർന്ന് ബാങ്ക് അധികൃതർ കോടതിയെ സമീപിച്ച് പുതിയ കമ്മീഷനെ നിയോഗിച്ചു.  പുതിയതായി നിയമിച്ച അഡ്വക്കേറ്റ് കമ്മീഷൻ പ്രിൻസ് ജെ പന്നലാലിന്റെ നേതൃത്വത്തിലാണ് ജപ്തി നടപടികൾ തുടങ്ങിയത്.  വൻ പൊലീസ് സന്നാഹവും സ്ഥലത്ത് എത്തി. ജപ്തി നടപടികൾ നടക്കുന്നതിനാൽ മുൻ കൂട്ടി മുറി ബുക്ക് ചെയ്ത് എത്തിയവരെയും റിസോർട്ടിലേക്ക് കടത്തിവിട്ടില്ല.  നടപടികൾ പുരോമിക്കുന്നതിനിടെ രണ്ടു മണിയോടെ എറണാകുളം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിൻറെ സ്റ്റേ ഉത്തരവെത്തി.  10 ദിവസത്തിനുള്ളിൽ ഒൻപതു കോടിയോളം രൂപ അടക്കണമെന്ന നിബന്ധനയിലാണ് സ്റ്റേ അനുവദിച്ചത്.  ഇതേത്തുടർന്ന് ജപ്തി നടപടികൾ നിർത്തിവച്ചു.
 

click me!