
തൃശൂർ: വിദ്യഭ്യാസ മേഖലയിൽ സർവശിക്ഷാ അഭിയാനും (എസ്എസ്എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (ആർഎംഎസ്എ) സംയോജിപ്പിച്ച് രൂപപ്പെടുത്തിയ സമഗ്ര ശിക്ഷാ അഭിയാൻ (എസ്എസ്എ) പദ്ധതി കേരളത്തിൽ താളം തെറ്റുന്നു. പദ്ധതി നിർവഹണത്തിന് ആവശ്യമായ ഫണ്ട് കേന്ദ്രത്തിൽ നിന്ന് അനുവദിക്കാത്തതാണ് പ്രധാന പ്രശ്നം. പദ്ധതി നിർവഹണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ടായിരത്തോളം സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ് ആയ അധ്യാപകരെ കരാർ കാലാവധി തീർന്നതിന്‍റെ പേരിൽ മാർച്ചിൽ പിരിച്ചുവിട്ടതും പദ്ധതിയെ സാരമായി ബാധിക്കും.
ഇതോടെ അവതാളത്തിലാവുന്നത് ലക്ഷക്കണക്കിന് വരുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനവും ഭൗതിക നിലവാര മേന്മയുമാണ്. നേരത്തെ ഒന്ന് മുതൽ ഏഴ് വരെ എസ്എസ്എയും ഹൈസ്കൂൾ വിഭാഗത്തിന് ആർഎംഎസ്എയുമായിരുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇവ രണ്ടും ഏകോപിപ്പിച്ച് പ്രീപ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറിവരെ സമഗ്ര ശിക്ഷാ അഭിയാൻ എന്ന ഒറ്റ പദ്ധതിയാക്കുകയായിരുന്നു.
ബ്ലോക്ക് പ്രോഗ്രാം ഓഫീസർ (ബിപിഒ) ചുമതല വഹിക്കുന്നവരടക്കം ട്രെയ്നർമാരും ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരും സ്പെഷൽ എഡ്യുക്കേറ്റർമാരായ റിസോഴ്സ് ടീച്ചർമാരും ചേർന്നാണ് പദ്ധതി നിർവഹിക്കേണ്ടത്. അധ്യാപക പരിശീലനം, സൗജന്യ പുസ്തകം, യൂനിഫോം, ലൈബ്രറി, പെൺകുട്ടികൾക്കുള്ള പ്രത്യേക പദ്ധതികൾ, തൊഴിൽ പരിശീലനം തുടങ്ങി 38 ഇനം പരിപാടികളുടെ നിർവഹണമാണ് ഇവരുടെ ചുമതല.
അദ്ധ്യയനാരംഭം മുതൽ സർവേ നടത്തി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ എണ്ണവും ഓരോരുത്തരുടെയും അവസ്ഥയും തിട്ടപ്പെടുത്തുന്ന പ്രവർത്തി റിസോഴ്സ് അധ്യാപകരാണ് ചെയ്യുക. ഇതിനായി സംസ്ഥാനത്ത് രണ്ടായിരത്തോളം റിസോഴ്സ് അധ്യാപകരാണുള്ളത്. ഇവരാരും സ്ഥിരനിയമനം ലഭിച്ചവരല്ലാത്തതിനാൽ മാർച്ചിൽ ഇവരുടെ കരാർ കാലാവധി തീരും. മുൻ വർഷങ്ങളിൽ മെയ് മാസത്തിനുള്ളിൽ ഇവരുടെ കരാര്‍ പുതുക്കി തിരിച്ചെടുത്തിരുന്നു.
എന്നാല്‍ പുതിയ അദ്ധ്യയന വർഷത്തെ പഠന, പാഠ്യേതര വിഷയങ്ങളിൽ നടന്ന അധ്യാപകർക്കുള്ള ജില്ലാ, ബ്ലോക്ക് തല പരിശീലന പരിപാടികൾ റിസോഴ്സ് അധ്യാപകരെ കൂടി ഉൾക്കൊള്ളിച്ചാണ് നടന്നത്. എന്നാൽ സ്കൂൾ തുറന്നിട്ടും തിരിച്ചെടുക്കാതായതോടെ ഇവരും അങ്കലാപ്പിലായി. എസ്എസ്എ ആരംഭിച്ച കാലം മുതൽ ഇത്തരത്തില്‍ കരാർ പ്രകാരം അധ്യാപനം നടത്തുന്നവരുണ്ട്.
ഇത്തരത്തില്‍ പത്ത് വർഷത്തിന് മേലെയായി എസ്എസ്എയിൽ പ്രവർത്തിക്കുന്ന റിസോഴ്സ് ടീച്ചർമാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് റിസോഴ്സ് അധ്യാപകരെ തിരിച്ചെടുക്കാൻ വൈകിയപ്പോൾ കെഎസ്ടിഎയുടെ നേതൃത്വത്തിൽ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
കേരളം ചോദിച്ചത് 1942 കോടി; അനുവദിച്ചത് 413 കോടി രൂപ
വിദ്യഭ്യാസ മേഖലയിലെ പദ്ധതികൾ ഏകോപിപ്പിച്ച കേന്ദ്രസർക്കാർ കേരളത്തെ അവഗണിച്ചു. സമഗ്ര ശിക്ഷാ അഭിയാൻ നിർവഹണത്തിനായി സംസ്ഥാനം ആവശ്യപ്പെട്ട 1942 കോടി രൂപയിൽ 413 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ പദ്ധതി നടപ്പിലാക്കാൻ പരിമിതമായ തുക അനുവദിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്ന ആക്ഷേപമുണ്ട്. ബിജെപി ഭരിക്കുന്ന യുപിക്ക് 4,098 കോടി രൂപയും ബീഹാറിന് 2,955 കോടിയും രാജസ്ഥാന് 2,781 കോടിയും മധ്യപ്രദേശിന് 2,335 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിന് 1.25% മാത്രം തുകയാണ് അംഗീകരിച്ചത്. കേരളത്തേക്കാൾ കുറവ് ഗോവയ്ക്കാണ്. ജനസംഖ്യാനുപാതമായി പദ്ധതി വിഹിതം പ്രഖ്യാപിക്കണമെന്ന ധനകമ്മീഷൻ നിർദേശം കാറ്റിൽ പറത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഹിതം അനുവദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam