അനധികൃത ഭൂമി; അന്‍വറിനെതിരെ റവന്യൂവകുപ്പ് അന്വേഷണം

By Web DeskFirst Published Nov 27, 2017, 11:53 AM IST
Highlights

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എക്കെതിരെ റവന്യൂവകുപ്പ് അന്വേഷണം. അനധികൃത ഭൂമി സമ്പാദനത്തെ കുറിച്ചാണ് അന്വേഷണം. തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമം ലംഘനങ്ങളിലും റവന്യൂവകുപ്പ് റിപ്പോര്‍ട്ട് തേടി. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് പരിധിക്കപ്പുറം ഭൂമി  പി വി അന്‍വര്‍ കൈവശം വച്ചിട്ടുണ്ട്. എംഎല്‍എ  സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിലൂടെ ഇക്കാര്യം വ്യക്തമാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട്, പെരകമണ്ണ വില്ലേജുകളിലായി പി വി  207. 84 ഏക്കര്‍ ഭൂമിയാണ് അന്‍വറിന്റെ  കൈവശമുള്ളത്.

15 ഏക്കര്‍ കാര്‍ഷികേതര ഭൂമിയേ കൈവശം വയ്‌ക്കാന്‍ പാടൂള്ളൂവെന്നിരിക്കേ 192.84 ഏക്കര്‍ ഭൂമി അധികമായി പി വി അന്‍വറിന്റെ കൈയിലുണ്ട്. അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പാരമ്പര്യ  സ്വത്തല്ലെന്നും എംഎല്‍എ വ്യക്തമാക്കുന്നു. 2009 നും 2015 നുമിടയിലാണ് ഇത്രത്തോളം ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാണ്.  ഈ പശ്ചാത്തലത്തിലാണ് റവന്യൂവകുപ്പ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
അനധികൃതമായി ഭൂമിയുള്ള വില്ലേജുകളില്‍ നിന്ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍  നല്‍കാനാണ് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് റവന്യൂ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അനധികൃത ഭൂമി സമ്പാദനവുമായി ബന്ധപ്പെട്ട് എംഎല്‍എക്കെതിരെയ രണ്ട്  പരാതികളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. അന്വേഷണം നടക്കുന്നുണ്ടെന്ന കാര്യം റവന്യൂമന്ത്രി സ്ഥിരീകരിച്ചു.

ചീങ്കണ്ണിപ്പാലിയിലെ തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാനും മലപ്പുറം കളക്ടര്‍ക്ക് നിര്‍ദ്ദേശമുണ്ട്. എംഎല്‍എയുടെ നിയമലംഘനങ്ങള്‍ വ്യക്തമാക്കുന്ന മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇതിനോടകം മലപ്പുറം ജില്ലാഭരണകൂടത്തിന് മുന്നിലുണ്ട്.നിയമലംഘനം രണ്ട് വര്‍ഷം മുന്‍പേ സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖയും ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. അനധികൃത നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ട് വെറ്റിലപ്പാറ വില്ലജ് ഓഫീസര്‍ നല്‍കിയ നോട്ടീസ് ഒപ്പിട്ട് വാങ്ങിയത് പി വി അന്‍വര്‍ എംഎല്‍എ തന്നെയാണ്.

 

click me!