
തൃശൂര്‍: ജില്ലയിലെ രണ്ടാമത്തെ റവന്യു ഡിവിഷന്‍ തിങ്കളാഴ്ച ഇരിങ്ങാലക്കുടയില്‍ നിലവില്‍ വരുമ്പോള്‍ ഇതിന് വേണ്ടി ആദ്യം ശബ്ദമുയര്‍ത്തുകയും സര്‍ക്കാരിന് മുന്നില്‍ നിവേദനം നല്‍കുകയും ചെയ്ത ഹരി ഇരിങ്ങാലക്കുടയെ സംഘാടകര്‍ മറന്നു. സംഘാടകര്‍ മറന്നുവെങ്കിലും റവന്യു ഡിവിഷന്‍ എന്ന തന്റെ ആഗ്രഹം യാഥാര്‍ഥ്യമാവുന്ന ആഘോഷത്തില്‍ സദസില്‍ സന്തോഷത്തോടെ ഹരിയുമുണ്ടാവും.
1982 ഫെബ്രുവരി ആറിന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് കേരളത്തിലെ ആദ്യത്തെ വായനക്കാരുടെ കൂട്ടായ്മയായ 'ഇരിങ്ങാലക്കുട റീഡേഴ്‌സ് ഫോറം' സെക്രട്ടറി കൂടിയായ ഹരിയാണ് ഇരിങ്ങാലക്കുട ആസ്ഥാനമായി ജില്ല രൂപവത്ക്കരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്. ഹരിയുടെ നേതൃത്വത്തില്‍ പ്രസീദ്ധികരിച്ചിരുന്ന പ്രാദേശിക വാരികയില്‍ ഇത് സംബന്ധിച്ച ലേഖനം നല്‍കിയിരുന്നു. ലേഖനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എം.എല്‍.എ ആയിരുന്ന ലോനപ്പന്‍ നമ്പാടന്‍ ഹരിയെ വിളിച്ചു വരുത്തി ജില്ല രൂപവത്കരണം സംബന്ധിച്ച രൂപരേഖയും നിവേദനവും വാങ്ങിച്ചു.
ഈ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 1984ല്‍ സംസ്ഥാനത്തെ 15-മത് ജില്ലയായി ഇരിങ്ങാലക്കുട ജില്ല അനുവദിക്കണം എന്നാവശ്യം ലോനപ്പന്‍ നമ്പാടന്‍ നിയമസഭയില്‍ ഉന്നയിച്ചു. ഇതനുസരിച്ച് റവന്യൂ പുനസംഘടനയെ കുറിച്ച് പഠിക്കുവാന്‍ സര്‍ക്കാര്‍ ഡോ. ഡി. ബാബുപോളിനെ കമ്മീഷനായി നിയോഗിച്ചു. ഇരിങ്ങാലക്കടയിലടക്കം ബാബു പോള്‍ നേരിട്ടെത്തി തെളിവെടുത്തു. ബാബു പോളിന് മുന്‍പാകെയും ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനു ഹരി ആവശ്യംഉന്നയിച്ചു. എന്നാല്‍ ബാബുപോള്‍ കമ്മീഷന്‍ സര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഇരിങ്ങാലക്കുടയെ ഒഴിവാക്കി ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പുതിയ റവന്യൂ ഡിവിഷനുകള്‍ക്ക് ശുപാര്‍ശ സമര്‍പ്പിച്ചു.
ഇതില്‍ പ്രതിഷേധിച്ച് ഹരി എഴുതിയ കത്തിനു രൂക്ഷമായ ഭാഷയിലാണ് ബാബുപോള്‍ മറുപടി നല്‍കിയത്. പിന്നീട് തോമസ് ഉണ്ണിയാടന്‍ ഇരിങ്ങാലക്കുട എം.എല്‍.എ ആയതിനു ശേഷം ജില്ലയാവശ്യത്തില്‍ നാല് സബ്മിഷനുകള്‍ ഉന്നയിച്ചുവെങ്കിലും മുന്നോട്ട് പോയില്ല. ഇടത് സര്‍ക്കാര്‍ എത്തിയതോടെ പുതിയ കുന്നംകുളം താലൂക്കിനൊപ്പം ഇരിങ്ങാലക്കുട റവന്യു ഡിവിഷനെയും ഒന്നിച്ചാണ് പ്രഖ്യാപിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് കുന്നംകുളം താലൂക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ റവന്യു ഡിവിഷന്‍ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കുമ്പോള്‍, സദസില്‍ തന്റെ ആഗ്രഹ സാഫല്യത്തില്‍ സന്തോഷത്തോടെ ഹരിയുമുണ്ടാകും. തുടര്‍ച്ചയായി സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്‌കാരം വാങ്ങിക്കുന്ന ഇരിങ്ങാലക്കുട പൂമംഗലം പഞ്ചായത്തിന്റെ സെക്രട്ടറി കൂടിയാണ് ഹരി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam