സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതിയുടെ ഭാഗമായ ആക്കുളം - ചേറ്റുവ ജലപാതയുടെ ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയായിരിക്കുകയാണ്. 

തിരുവനന്തപുരം: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത വികസനത്തില്‍ പുതിയ തുടക്കം കുറിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതിയുടെ ഭാഗമായ ആക്കുളം - ചേറ്റുവ ജലപാതയുടെ ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയാകുന്നു. തിരുവനന്തപുരത്തെ ആക്കുളം മുതല്‍ തൃശ്ശൂരിലെ ചേറ്റുവ വരെയുള്ള 280 കിലോമീറ്റര്‍ കനാല്‍ പാത ഫെബ്രുവരി 26ന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വിഭാഗം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെയും ചിലക്കൂര്‍ വിനോദസഞ്ചാര പദ്ധതിയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. വര്‍ക്കലയിലെ ചിലക്കൂര്‍ ബീച്ച് പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വി ജോയ് എംഎല്‍എ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെയും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെയും (സിയാല്‍) സംയുക്ത സംരംഭമായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വില്‍) ആണ് വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

പുഴകള്‍, കായലുകള്‍, കനാലുകള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് 11 ജില്ലകളെ ബന്ധിപ്പിക്കുന്ന കോവളം-ബേക്കല്‍ പാതയെ ചരക്കുനീക്കത്തിനും ടൂറിസത്തിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിച്ചുവരികയാണ്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ആക്കുളം മുതല്‍ ചേറ്റുവ വരെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

വര്‍ക്കലയിലെ ചരിത്രപ്രസിദ്ധമായ ചിലക്കൂര്‍ തുരങ്കത്തിന്‍റെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവല്‍ക്കരണവും സിയാല്‍ നടപ്പാക്കുകയാണ്. ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവും സന്ദേശവും, കേരള ചരിത്രം, സാംസ്കാരിക പൈതൃകം എന്നിവ ചിത്രീകരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇലക്ട്രിക് ബോട്ടും സിയാല്‍ പുറത്തിറക്കും.

616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോവളം-ബേക്കല്‍ ജലപാത പദ്ധതി രാജ്യത്തെ തന്നെ അതുല്യമായ പദ്ധതിയാണെന്ന് ക്വില്‍ ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. മനുഷ്യനിര്‍മ്മിത കനാലുകള്‍, കായലുകള്‍, നദികള്‍ എന്നിവ ബന്ധിപ്പിച്ചു കൊണ്ടുള്ളതാണെന്നതാണ് ഈ പാതയുടെ സവിശേഷത. പാര്‍വതി പുത്തനാര്‍, കൊല്ലം തോട്, പൊന്നാനി - ചേറ്റുവ കനാല്‍, കനോലി കനാല്‍, പൂരപ്പുഴ കനാല്‍, പയ്യോളി കനാല്‍, വടകര-മാഹി കനാല്‍ എന്നീ മനുഷ്യ നിര്‍മ്മിത കനാലുകളിലൂടെയാണ് ജലപാത കടന്നുപോകുന്നത്. 39 പുഴകളും വിവിധ കായലുകളും പാതയുടെ ഭാഗമാണ്. 280 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആക്കുളം-ചേറ്റുവ കനാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ കടന്നുപോകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലങ്ങളുടെയും ബോട്ട് ജെട്ടികളുടെയും നിര്‍മ്മാണം, കനാല്‍ ഡ്രെഡ്ജിംഗ്, കനാല്‍ തീര സൗന്ദര്യവത്കരണം എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ ക്വില്‍ നടപ്പിലാക്കുന്നുണ്ട്. സംസ്ഥാന ജലപാത മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി തൃശൂര്‍-കാട്ടൂര്‍ ഭാഗത്തെ മധുരംപള്ളിയില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ജലപാതയുടെ വീതിയും ആഴവും കൂട്ടി. തൃപ്രയാര്‍, കണ്ടശ്ശാങ്കടവ്, ഏനാമാവ് എന്നിവിടങ്ങളില്‍ മൂന്ന് ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം ആരംഭിച്ചു. ആക്കുളത്തിനും കൊല്ലത്തിനും ഇടയില്‍ നാല് ബോട്ട് ജെട്ടികള്‍ സ്ഥാപിച്ചു.

കോഴിക്കോട്, കുറ്റ്യാടി, നാദാപുരം, വടകര എന്നീ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിനു കുറുകെയുള്ള വെങ്ങോലി പാലം പൂര്‍ത്തിയായി. പാര്‍വതി പുത്തനാര്‍ കനാലിനു കുറുകെ നിര്‍മ്മിച്ച കരിക്കകം സ്റ്റീല്‍ ലിഫ്റ്റിംഗ് പാലം കമ്മീഷന്‍ ചെയ്തു. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പ് പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളായ കോഴിക്കോടുള്ള മൂഴിക്കല്‍ ലോക്ക്-കം-ബ്രിഡ്ജ്, തിരുവനന്തപുരത്തെ സെന്‍റ് ആന്‍ഡ്രൂസ് പാലം, ദേശീയ ജലപാത മാനദണ്ഡങ്ങള്‍ പാലിക്കുന്ന വടകര-മാഹി കനാലിന്‍റെ 14 കിലോമീറ്റര്‍ ഭാഗം എന്നിവയും പ്രവര്‍ത്തനക്ഷമമാണ്. കോഴിക്കോട് കോട്ടപ്പള്ളി പാലത്തിന്‍റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.

കനാല്‍ വികസന പരിപാടിയുടെ ഭാഗമായി 95.6 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. വര്‍ക്കല വെസ്റ്റ് കോസ്റ്റ് കനാല്‍ - റീച്ച് 1, റീച്ച് 2, കഠിനംകുളം വെസ്റ്റ് കോസ്റ്റ് കനാല്‍ റീച്ച്, വടകര-മാഹി കനാല്‍ - ഫസ്റ്റ് റീച്ച്, ചിറയിന്‍കീഴ് കടകം പാലം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പ്രവൃത്തികളും ശിവഗിരി തുരങ്കത്തിന്‍റെ വടക്കുവശത്തെ ആഴം കൂട്ടല്‍ ജോലികളും പുരോഗമിക്കുന്നു.

വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 325 കോടി രൂപയുടെ മൊത്തം വികസന വിഹിതത്തില്‍ ഏകദേശം 280 കോടി രൂപ കനാലിന്‍റെ ഇരു കരകളിലുമുള്ള താമസക്കാര്‍ക്ക് സുരക്ഷിതവും, മെച്ചപ്പെട്ടതുമായ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിനിയോഗിച്ചു. കൂടാതെ പുനര്‍ഗേഹം പദ്ധതിയിലൂടെ പുനരധിവാസ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി.