
കാസര്‍കോട്: മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും നെല്ല് കൊയ്യാന്‍ പാടത്തിറങ്ങിയപ്പോള്‍ ആദ്യം നെല്‍ക്കറ്റ കൊയ്‌തെടുത്തത് റവന്യൂ മന്ത്രി. കാഞ്ഞങ്ങാട് കോട്ടച്ചേരി നെല്‍പ്പാടത്താണ് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും നെല്ല് കൊയ്യലില്‍ വേറിട്ട് നിന്ന് നാട്ടുകാരുടെ കൈയ്യടി നേടിയത്.
ചെണ്ട മേളത്തിന്റെ അകമ്പടിയില്‍ പാടത്തിറങ്ങിയ മന്ത്രിമാര്‍ പുരുഷാരങ്ങളുടെ ആര്‍പ്പ് വിളികളില്‍ സ്വയംമറന്നു. അരിവാള്‍ കൊണ്ട് നെല്‍ക്കതിര്‍ കൊയ്‌തെടുത്ത് അതിവേഗം മന്ത്രി ചന്ദ്രശേഖരന്‍ കറ്റയുണ്ടാക്കി. ആളുകള്‍ കാണ്‍കെ മന്ത്രി മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ ' ചന്ദ്രേട്ടന്‍ കലക്കി' എന്ന ആളുകളുടെ ആര്‍പ്പ് വിളിക്കിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നെല്‍കറ്റ തീര്‍ത്തത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും നെല്ല് കൊയ്യാനായി പാടത്തിറങ്ങി.
കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവന്‍ തെയ്യം കെട്ടിന്റെ ഭാഗമായാണ് കോട്ടച്ചേരി തുളുച്ചേരി വെള്ളച്ചാല്‍ വയലില്‍ നാട്ടുകാര്‍ തരിശായി കിടന്ന 22 ഏക്കര്‍ പാടത്ത് വിത്തിറക്കി നെല്‍കൃഷി ഒരുക്കിയത്. വയനാട്ടു കുലവന്‍ തെയ്യംകെട്ട് ദിവസത്തെ അന്നദാനത്തിനായാണ് സംഘടകസമിതി നെല്‍കൃഷി ഒരുക്കിയത്. ഇതിന്റെ വിളവെടുപ്പ് ഉദ്ഘാടനമാണ് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ചേര്‍ന്ന് നിര്‍വഹിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam