നെൽകർഷകരെ പറഞ്ഞ് പറ്റിച്ച് സർക്കാർ; നെല്ല് സംഭരിച്ച തുക നൽകിയില്ല

By Asianet NewsFirst Published Apr 21, 2016, 5:43 AM IST
Highlights

ആലപ്പുഴ: നെൽകർഷകർക്ക് കൊടുക്കാനുള്ള തുക വിഷുക്കൈനീട്ടമായി നൽകുമെന്ന സർക്കാർ വാഗ്ദാനം  പാഴായി. നെല്ല് സംഭരിച്ച് 68 ദിവസം കഴിഞ്ഞിട്ടും പണം കൊടുത്തിട്ടില്ല.  313 കോടി രൂപയാണ് നെൽകർഷകർക്ക് സംസ്ഥാന സർക്കാർ നൽകാനുള്ളത്.

കർഷകരിൽനിന്ന് സിവിൽ സപ്ലൈസ് സംഭരിച്ച നെല്ലിന്‍റെ തുക വിഷുക്കൈനീട്ടമെന്നോണം കൊടുക്കുമെന്നായിരുന്നു സർക്കാർ വാഗ്ദ്ധാനം. എന്നാൽ ഈ വിഷുക്കൈനീട്ടവും പ്രതീക്ഷിച്ചിരുന്ന ഒരുലക്ഷത്തി ഇരുപത്തിയേഴായിരത്തി മുന്നൂറ്റി പന്ത്രണ്ട് കർഷകർക്ക് നിരാശയായിരുന്നു ഫലം. നെല്ല് സംഭരിച്ചിട്ട് ഇന്ന് 68 ദിവസമായി. വിഷു കഴിഞ്ഞിട്ട് ഒരാഴ്ചയും. പക്ഷേ പണം കൊടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

313 കോടി രൂപയാണ് നെൽകർഷകർക്ക് കൊടുക്കാനുള്ളത്. ഏറ്റവും കൂടുതൽ ആലപ്പുഴ ജില്ലയിൽ. 88 കോടി. കോട്ടയത്ത് 36 കോടിയും തൃശ്ശൂരിൽ 44 കോടി രൂപയും കുടിശ്ശികയുണ്ട്. പണം കിട്ടാത്തതിനാൽ രണ്ടാം കൃഷിയിറക്കാൻ ബുദ്ധിമുട്ടുകയാണ് കർഷകർ. സർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ച് 30ആം തീയതി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ  വസതിയിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുകയാണ് കേരള നെൽ കർഷക കൂട്ടായ്മ.

 

click me!