അരി വില അട്ടിമറിച്ച് ആന്ധ്രാ ലോബി; വില്‍പ്പന നാലിരട്ടി വിലയ്ക്ക്

By Asianet NewsFirst Published Aug 17, 2016, 4:31 AM IST
Highlights

കൊച്ചി: അരി വില അട്ടിമറിക്കാന്‍ ആന്ധ്രാ ലോബിയുടെ ശ്രമം. ആന്ധ്രയില്‍നിന്നു സംഭരിക്കുന്ന നെല്ല് നാലിരട്ടി വിലയ്ക്കാണ് കേരളത്തില്‍ വില്‍ക്കുന്നത്.

ഓണ വിപണിയിലെ അരി വില തീരുമാനിക്കുന്നത് ആന്ധ്രാ ലോബിയാണ്. ഇതിനു പിന്നിലെ ലോബിയെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം നടത്തി.

കേരളത്തില്‍ മാത്രം ആവശ്യക്കാരുള്ള ജയ അരി ആന്ധ്രയിലെ നെല്ല് സംഭരണ വിലയേക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണു സംസ്ഥാനത്തെത്തുന്നത്. നെല്ല് സംഭരണം നടക്കുന്നത് 11 രൂപയ്ക്കാണ്. ഈ സംഭരണ വിലയുടെ മൂന്നിരട്ടിയാണ് ആന്ധ്രാ ലോബി അരിക്കു നിശ്ചയിക്കുന്ന മൊത്ത വില. ചില്ലറ വിലയാകുമ്പോള്‍ കിലോയ്ക്ക് 40 രൂപയോളമാകം.

ഒരു കിലോ നെല്ല് സംസ്കരിച്ചാല്‍ 750 ഗ്രാം അരി കിട്ടുമെന്നാണു കണക്ക്. ബാക്കി തവിടും പൊടിയുമാണ്. ഇതു കാലിത്തീറ്റയ്ക്ക് ഉപയോഗിക്കുന്നതിനാല്‍ നല്ല വില കിട്ടും. അരിയാക്കാന്‍ ചെലവ് ഒമ്പതു രൂപ. രണ്ടു രൂപ ലാഭം കണക്കാക്കിയാല്‍ 22 രൂപയ്ക്ക് അരി വില്‍ക്കാം. ഈ അരി കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗമോ ലോറി വഴിയായോ എത്തിക്കാന്‍ ചെലവ് ക്വിന്റലിന് 200 രൂപയാകും. അരി വില്‍പ്പനയിലെ ഇടനിലക്കാര്‍ക്ക് ഏഴു രൂപ മുതല്‍ 10 രൂപ വരെ കമ്മിഷനുണ്ട്. രണ്ടു രൂപ 10 പൈസ നിരക്കില്‍ ഈ അധിക ചെലവു കൂടി പരിഗണിച്ചാല്‍ കിലോയ്ക്ക് 24 രൂപ 10 പൈസയ്ക്ക് അരി ലഭിക്കും. ഇതാണ് 29.50 രൂപ മൊത്ത വിലയ്ക്ക് നല്‍കുന്നത്.

അഞ്ചു രൂപ 40 പൈസയാണ് അമിത വിലയായി മൊത്ത വിപണിയില്‍ ഈടാക്കുന്നത്. ഇതു പൊതു വിപണിയിലെത്തുമ്പോള്‍ 32 രൂപ മുതല്‍ 40 രൂപ വരെയാകും.

ഓണക്കാലത്ത് 35000 ടണ്‍ അരിയാണു സംസ്ഥാനത്തെത്തുന്നത്. ഇതു കണക്കാക്കുമ്പോള്‍ അരി ഇടപാടിലെ അമിത ലാഭം കോടികള്‍ കവിയും. നേട്ടമുണ്ടാക്കുന്നത് ആന്ധ്ര ലോബിയും ഇടനിലക്കാരും.

 

click me!