കനത്ത ചൂട്: ഒമാനില്‍ തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി

By Web DeskFirst Published May 23, 2016, 7:49 PM IST
Highlights

മസ്കറ്റ്: ചൂട് കടുത്തതിനെ തുടര്‍ന്ന് ഒമാനില്‍ തൊഴിലാളികള്‍ക്ക് മാനവ വിഭവ മന്ത്രാലയം മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചു. നിയമം ലംഘിച്ച് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കമ്പനികള്‍ക്കെതിരെ പിഴയും തടവുമായിരിക്കും ശിക്ഷയെന്ന് അധികൃതര്‍ അറിയിച്ചു. വേനല്‍ ചൂടിന് കാഠിന്യമേറിയതോടെ ഒമാനില്‍ അടുത്ത മാസം ഒന്ന് മുതല്‍ തൊഴിലാളികള്‍ക്ക് മാനവ വിഭവ മന്ത്രാലയം മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചു. ഉയര്‍ന്ന താലനില രേഖപ്പെടുത്താറുള്ള സമയമാണ് വിശ്രമത്തിനായി അനുവദിച്ചത്.

ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ സമയം. ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 100 ഒമാനി റിയാല്‍ മുതല്‍ 500 ഒമാനി റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവും ഇതിന് ശിക്ഷയുണ്ട്.

തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാത്ത കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കും. തൊഴില്‍ സമയങ്ങളില്‍ ശരീരത്തിലെ ജലാംശം കുറയുന്നത് ഒഴിവാക്കാന്‍ വെള്ളം വിതരണം ചെയ്യണമെന്ന നിര്‍ദേശം കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചൂട് ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് വലിയൊരു ആശ്വാസമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് നിരവധി സ്ഥലങ്ങളില്‍ ഉയര്‍ന്ന താപലനിലയായി 47 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. മരുഭൂമിയില്‍ നിന്നടിച്ച് വീശുന്ന ചൂട് കാറ്റാണ് രാജ്യത്തെ താപം ഉയരാന്‍ കാരണമായിരിക്കുന്നത്. ചൂട് വര്‍ധിച്ചതോടെ,  പ്രവര്‍ത്തി ദിവസങ്ങളും നഗരങ്ങളിലെ തിരക്കേറിയ സ്ഥലങ്ങള്‍ ഒഴുവ് ദിവസങ്ങള്‍ക്ക് തുല്യമായിരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് കാറ്റ് അടിച്ചുവീശുന്നതായും റിപ്പോര്‍ട്ടുണ്ട്.

click me!