ഖത്തറിലെ വാഹനാപകടക്കേസുകളില്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ തന്നെ പരിഹാരം

By Web DeskFirst Published May 23, 2016, 7:39 PM IST
Highlights

ദോഹ: ഖത്തറില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ ഇനി മുതല്‍ ട്രാഫിക് സ്റ്റേറെഷനുകളില്‍ പോകേണ്ടതില്ല. പകരം ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നു തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാഹനം വര്‍ക്ക്ഷോപ്പുകളിലേക്ക് മാറ്റാന്‍ കഴിയുന്ന പുതിയ സംവിധാനം ആഭ്യന്തര മന്ത്രാലയം ഏര്‍പെടുത്തി. നിലവില്‍ ഗുരുതരമല്ലാത്തതും തര്‍ക്കങ്ങള്‍ ഇല്ലാത്തതുമായ വാഹനപകടമുണ്ടായാല്‍ പോലും പോലീസ് പട്രോള്‍ സംഘം എത്തുന്നത് വരെ വാഹന ഉടമകള്‍ റോഡില്‍ കാത്തുനില്‍കേണ്ടി  വരുന്ന അവസ്ഥയാണ്. അല്ലാത്ത പക്ഷം വാഹനങ്ങളുമായി പോലീസ് സ്റ്റെഷനിലെത്തി അപകടം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

എന്നാല്‍ പുതിയ സംവിധാനമനുസരിച്ചു ചെറിയ വാഹനാപകടങ്ങളുണ്ടായാല്‍ നേരിട്ട് നിശ്ചിത ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചാല്‍ മതിയാവും. ഇതിനായി രാജ്യത്തെ അഞ്ച് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസുകള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. അപകടത്തെ സംബന്ധിച്ച വിവരങ്ങള്‍ കൈപ്പറ്റിയ ശേഷം ഇവിടെ വെച്ചു തന്നെ ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വാഹനം കേടുപാടുകള്‍ തീര്‍ക്കുന്നതിനായി വര്‍ക്ക്ഷോപ്പിലേക്ക് മാറ്റാന്‍ കഴിയും.

തുടക്കമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തെ രണ്ടു പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഫീസുകളില്‍ ട്രാഫിക് യൂണിറ്റുകള്‍ ആരംഭിച്ചിരുന്നു. ട്രാഫിക് ഡയരക്റ്ററേറ്റ് ,ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയെ പരസ്‌പരം ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടമുണ്ടാക്കിയ വാഹന ഉടമയുടെ ഇന്‍ഷുറന്‍സ്കമ്പനിയിലെത്തിയാണ് പരാതി നല്‍കേണ്ടത്.

തുടര്‍ന്ന് ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ടാബ്ലറ്റ് വഴി വാഹനങ്ങളുടെ കേടുപാടുകള്‍ സഹിതം പരാതി സ്വീകരിക്കും. വിവരം ഇന്‍ഷുറന്‍സ് കമ്പനിക്കു കൈമാറുകയും അപകടത്തില്‍ പെട്ടയാളുടെ മൊബൈലില്‍ സന്ദേശം ലഭിക്കുകയും ചെയ്യും.തുടര്‍ന്നു വാഹനം നന്നാക്കുന്നതിനായി വാഹന ഉടമക്ക് വര്‍ക്ക്ഷോപ്പിനെ സമീപിക്കാവുന്നതാണെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

click me!