
വട്ടവട: നീലക്കുറിഞ്ഞിക്ക് പൂജ ചെയ്തും സംരക്ഷണമൊരുക്കിയും വട്ടവടയിലെ നാട്ടുകാർ. കൃഷിയുടെ ദൈവമായ മലയാണ്ടവരുടെ ആഹാരമാണ് കുറിഞ്ഞിയെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. നീലകുറിഞ്ഞി പൂത്തു തുടങ്ങിയതോടെയാണ് ഗ്രാമ തലവന്മാരുടെ നേതൃത്വത്തിൽ പൂജ തുടങ്ങിയത്. വട്ടവടയിലെ കൃഷികളുടെ കാവൽ ദൈവമെന്നാണ് മലയാണ്ടവരെക്കുറിച്ചുളള ഗ്രാമീണരുടെ വിശ്വാസം. നീലക്കുറിഞ്ഞിയുടെ അരി മലയാണ്ടവരുടെ ഭക്ഷണമാണെന്നും.
ദൈവീകവസ്തുവായ് കാണുന്ന നീലക്കുറിഞ്ഞി പൂത്താൽ മലനിരകളിൽ കൂടി നടക്കുന്നതിന് ഇവിടുത്തുകാർ ചെരുപ്പുപയോഗിക്കുക പോലുമില്ല. ഇലയും പൂക്കളുമൊന്നും കടിയ്ക്കുകയേ നശിപ്പിക്കുകയോ ചെയ്യില്ല. പകരം പൂക്കൾ കൊഴിഞ്ഞ് മലയാണ്ടവരുടെ ഭക്ഷണമായ അരി കൊഴിയുന്നത് വരെ കാത്ത് സൂക്ഷിക്കും. ഇത്തവണയും പ്രത്യേക പൂജകൾ നടത്തി പൊങ്കലും സമർപ്പിച്ചു.
പിന്നാലെ കുറിഞ്ഞി പൂത്ത കോവിലൂർ കുറ്റത്തിമലയ്ക്ക് കാവലായി ആറ് പേരെ നിയോഗിക്കുകയും ചെയ്തു. കുറിഞ്ഞി നശിച്ചാൽ പ്രദേശത്തെ കൃഷികളും മറ്റെല്ലാമും നശിക്കുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം. അതു കൊണ്ട് തന്നെ മറ്റെവിടുത്തെക്കാളും എക്കാലവും നീലക്കുറിഞ്ഞി സംരക്ഷിക്കപ്പെടുന്ന പ്രദേശവുമാണ് വട്ടവട.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam