'ആ ചേര്‍ത്തു പിടിക്കലില്‍ എല്ലാമുണ്ട്'; വൃദ്ധയായ ഭക്തയുടെയും പൊലീസുകാരന്‍റെയും ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കും പറയാനുണ്ട്

Published : Nov 22, 2018, 07:44 PM ISTUpdated : Nov 22, 2018, 08:55 PM IST
'ആ ചേര്‍ത്തു പിടിക്കലില്‍ എല്ലാമുണ്ട്'; വൃദ്ധയായ ഭക്തയുടെയും പൊലീസുകാരന്‍റെയും ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കും പറയാനുണ്ട്

Synopsis

ആ പൊലീസുകാരന്‍ അമ്മയെ ചേര്‍ത്ത് പിടിക്കുകയായിരുന്നു. കണ്ടപ്പോള്‍ ഹൃദയസ്പര്‍ശിയായി തോന്നി. അപ്പോള്‍ പെട്ടെന്ന് അങ്ങ് എടുത്തു. ക്യാമറ അഡ്ജസ്റ്റ് ചെയ്യാന്‍ പോലും സമയം കിട്ടിയില്ല

കൊച്ചി: ''ആ ചേര്‍ത്തു പിടിയ്ക്കലില്‍ എല്ലാമുണ്ട്... ഒരുപാട് ചിത്രങ്ങള്‍ പകര്‍ത്തി നടക്കുമ്പോള്‍ അവിചാരതമായി കണ്ട കാഴ്ച... ഞൊടിയിടയില്‍ ഓടിയെത്തി ക്യാമറയിലാക്കി, അത്രമാത്രം. സാധാരണ പോലെ വെറുതെ കെെ പിടിക്കുകയല്ല, ആ പൊലീസുകാരന്‍ അമ്മയെ ചേര്‍ത്ത് പിടിക്കുകയായിരുന്നു.

കണ്ടപ്പോള്‍ ഹൃദയസ്പര്‍ശിയായി തോന്നി. അപ്പോള്‍ പെട്ടെന്ന് അങ്ങ് എടുത്തു. ക്യാമറ അഡ്ജസ്റ്റ് ചെയ്യാന്‍ പോലും സമയം കിട്ടിയില്ല.'' സന്നിധാനത്ത് ഡ്യൂട്ടിക്കിടെ വൃദ്ധയായ ഭക്തയുടെ തോളില്‍ കയ്യിട്ട് അവര്‍ക്കൊപ്പം നടക്കുന്ന പൊലീസുകാരന്റെ ചിത്രം സോഷ്യല്‍ മീഡിയ കയ്യടക്കുമ്പോള്‍ ആ ചിത്രം പകര്‍ത്തിയ ടെെംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫര്‍ ശ്രീജിത്ത് ആര്‍.കെയ്ക്ക് പറയാന്‍ കുറച്ചധികം കാര്യങ്ങളുണ്ട്.

ഇതൊരു ഫോട്ടോഷൂട്ട് ആണെന്ന് വിമര്‍ശിച്ചവരോടാണ് ആദ്യം ശ്രീജിത്തിന് പറയാനുള്ളത്. ആ ഫോട്ടോ എടുക്കുന്നത് ആ പൊലീസുകാരന്‍ കണ്ടിട്ടേയില്ല. വെറുതെ ആ പാവത്തിനെതിരെ ഫോട്ടോഷൂട്ട് നടത്തി എന്നും കഴിഞ്ഞ വര്‍ഷത്തെ ചിത്രമാണെന്നുമൊക്കെ പ്രചരിപ്പിക്കരുതെന്ന് ശ്രീജിത്ത് പറഞ്ഞു.

അന്ന് ചെറിയ മഴയുള്ള ദിവസമായിരുന്നു. വെെകുന്നേരം സന്നിധാനത്തിന്‍റെ പിന്‍വശത്ത് കൂടി റിപ്പോര്‍ട്ടറായ ഡിസ്നി ടോമിനൊപ്പം നടന്ന് വരുമ്പോള്‍ പിന്നില്‍ നിന്നാണ് ആ പൊലീസുകാരനെയും അമ്മയെയും കാണുന്നത്. ആ ഭക്തയെ പൊലീസുകാരന്‍ ചേര്‍ത്ത് പിടിച്ച് കൊണ്ട് പോവുകയായിരുന്നു.

ഉടന്‍ ഓടി അവരുടെ മുന്നിലെത്തി രണ്ട് ക്ലിക്കെടുത്തു. അവര്‍ ഈ ഫോട്ടോ എടുക്കുന്നതൊന്നും കാണാതെ എന്തൊക്കെയോ സംസാരിച്ച് നടന്ന് പോയി. അത്രയേ അന്ന് സംഭവിച്ചുള്ളുവെന്ന് ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു. സാധാരണ ഒരു ചിത്രം എടുക്കുന്ന പോലെയാണ് അതും എടുത്തത്.

ഇതിനെക്കാള്‍ നല്ലതെന്ന് തനിക്ക് തോന്നിയ ഒരുപാട് ചിത്രങ്ങള്‍ എടുത്തിരുന്നു. എന്നാല്‍, ഇതാണ് വെെറലായത്. ആ പൊലീസുകാരനെ ഇന്ന് വീണ്ടും കണ്ടിരുന്നു. ആള്‍ ഇപ്പോള്‍ ഉഷാറായി. ആദ്യം വിമര്‍ശനം വന്നെങ്കിലും ഒരുപാട് പേര്‍ ഇപ്പോള്‍ നല്ല അഭിപ്രായത്തോടെ വിളിക്കുന്നുണ്ടെന്നാണ് പറഞ്ഞതെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ ശ്രീജിത്ത് ആദ്യമായല്ല ചിത്രങ്ങള്‍ പകര്‍ത്താന്‍ പോകുന്നത്. പണ്ടായാലും ഇപ്പോഴായാലും സന്നിധാനത്തെ പൊലീസ് ഏറെ സഹായകരമായാണ് ഭക്തരോട് പെരുമാറുന്നതെന്നും ശ്രീജിത്ത് പറഞ്ഞു. നേരത്തെ, ഫോട്ടോയെ കുറിച്ചുള്ള വിശദീകരണവുമായി ചേര്‍ത്തല ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌റ്റേഷനിലെ സിപിഒ ആയ കെ.പി സതീഷ് രംഗത്ത് വന്നിരുന്നു.

'സ്വന്തം അമ്മയെ പോലെ മഴ കൊള്ളാതെ എന്നോട് ചേര്‍ത്തുപിടിച്ചു';ഹൃദയസ്പര്‍ശിയായി, പൊലീസുകാരന്റെ കുറിപ്പ്

വൃദ്ധയായ ഭക്തയ്‌ക്കൊപ്പമുള്ളത് താന്‍ തന്നെയാണെന്നും ഇതൊരു ഫോട്ടോഷൂട്ടല്ലായിരുന്നുവെന്നും സതീഷ് വിശദീകരിക്കുന്നു. എട്ട് വര്‍ഷത്തോളമായി കേരള പൊലീസ് സേനാംഗമെന്ന നിലയില്‍ പമ്പയിലും സന്നിധാനത്തുമായി ഡ്യൂട്ടി ചെയ്യുന്ന ഒരാളാണ് താന്‍, പ്രായഭേദമെന്യേ അയ്യപ്പനെ തൊഴാന്‍ വരുന്നവരെ സഹായിക്കുന്നത് കടമയായിട്ടാണ് കാണുന്നത്, വീണ്ടും തൊഴണമെന്ന ആഗ്രഹവുമായി നിന്ന 'അമ്മ'യെ സഹായിക്കുന്നതിനിടെ ഫോട്ടോയെടുത്തത് അറിഞ്ഞതേയില്ല- സതീഷ് കുറിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും ബാധകമല്ല, ഓറ‍ഞ്ച് അലർട്ട്; വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
കനത്ത മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഓഗസ്റ്റ് 2 വരെ ശക്തമായ മഴയ്ക്ക് സാധ്യത