
വടകര: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പി കെ കുഞ്ഞനന്ദൻ പ്രതിയല്ലെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ആർഎംപി നേതാവ് കെ കെ രമ. കോടതിയെപ്പോലും അംഗീകരിക്കില്ലെന്ന ധാർഷ്ട്യമാണ് സിപിഎമ്മിനെന്നും സിപിഎം നിശ്ചയിക്കുന്നവരെ മാത്രമേ പ്രതിയാക്കാവൂ എന്നാണ് അവരുടെ നിലപാടെന്നും കെകെ രമ കൂട്ടിച്ചേർത്തു.
പികെ കുഞ്ഞനന്തന് ടിപി വധക്കേസിൽ യാതൊരു പങ്കുമില്ലെന്നും കുഞ്ഞനന്തനെ കേസിൽ തെറ്റായി പ്രതിചേർത്തതാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. സംഭവവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞവരുടെ പേരിൽ പൊലീസ് നടപടിയെടുത്ത് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എന്നാൽ കുഞ്ഞനന്തനെ കേസിൽ ബോധപൂർവം പ്രതി ചേർത്തതാണെന്ന് പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. കേരള സംരക്ഷണ യാത്രയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
Read more.. പികെ കുഞ്ഞനന്തന് ടിപി കേസിൽ യാതൊരു പങ്കുമില്ല; യുഡിഎഫ് സർക്കാർ തെറ്റായി പ്രതിചേർത്തതെന്ന് കോടിയേരി
കുഞ്ഞനനന്തനെ ഗൂഢാലോചനക്കുറ്റം ചുമത്തി ടിപി വധക്കേസിൽ തെറ്റായി പ്രതി ചേർത്തതാണെന്ന് പാർട്ടിക്ക് പൂർണ്ണബോധ്യമുണ്ട്. പൊലീസ് കള്ളത്തെളിവുണ്ടാക്കിയാണ് കുഞ്ഞനന്തനെ കുടുക്കിയത്. ഒരു പാർട്ടി അംഗത്തെ കേസിൽ കുടുക്കിയാൽ അത് ശരിയാണോ എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കുണ്ട്. തെറ്റായി ഒരാളെ പ്രതിചേർത്താൽ പാർട്ടി അംഗീകരിക്കില്ല. സംഭവത്തിൽ ഉൾപ്പെട്ടവരെ പ്രതി ചേർത്താൽ, സംഭവത്തിൽ അവർക്ക് ബന്ധമുണ്ടെങ്കിൽ പാർട്ടി അവരെ വച്ചുപൊറുപ്പിക്കുകയുമില്ലെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam