
കോഴിക്കോട്: കൊടുവള്ളി സില്‍സില ജ്വല്ലറി കവര്‍ച്ച കേസ് പ്രതി പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ പൊലീസ് പിടിയിലായി. മാള്‍ഡ സ്വദേശിയായ മുഹമ്മദ് അക്രൂസ് അമാന്‍ (29) ആണ് പിടിയിലായത്. കൊടുവള്ളി പൊലീസ് ശേഖരിച്ച അനേകം ഫോണ്‍കോളുകളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. കൊടുവള്ളി സിഐ പി. ചന്ദ്രമോഹന്‍റെ നേതൃത്വത്തില്‍ എസ്‌ഐ കെ. പ്രജീഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
മാവോയിസ്റ്റ് അധീനതയിലുള്ള ഇന്‍ഡോ-ബംഗ്ലാ അതിര്‍ത്തിയായ മാള്‍ഡ എന്ന സ്ഥലത്താണ് അക്രൂസ് അമാന്‍ ഉണ്ടായിരുന്നത്. തദ്ദേശീയരുടെ എതിര്‍പ്പിനെ വകവെക്കാതെ കേരളാ പോലീസ് സംഘം പ്രതി താമസിച്ചിരുന്ന വീട് വളഞ്ഞു. എന്നാല്‍ വീട്ടില്‍ നിന്നും തന്ത്രപരമായി രക്ഷപ്പെട്ട പ്രതിയെ കിലോമീറ്ററുകളോളം ഓടിച്ചിട്ടാണ് പിടികൂടിയത്. മുംബയിലെ ജ്വല്ലറിയില്‍ നിന്നും 40 കിലോ സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ ജയിലില്‍ നിന്നും അടുത്തിടെയാണ് മുഹമ്മദ് അക്രൂസ് അമാന്‍ പുറത്തിറങ്ങിയത്.
സില്‍സില ജ്വല്ലറിയുടെ പിന്‍ഭാഗം കുത്തിതുറന്ന് മൂന്ന് കിലോ വീതം സ്വര്‍ണം, വെള്ളി ഉരുപ്പടികളും രണ്ടര ലക്ഷം രൂപയുമടക്കം 87 ലക്ഷത്തിന്‍റെ വന്‍ കവര്‍ച്ചയാണ് ഇയാള്‍ നടത്തിയത്. ഈ മാസം 18 ന് പുലര്‍ച്ചയായിരുന്നു സംഭവം. ചുമര്‍ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ചാണ് മോഷണം നടത്തിയത്. ജ്വല്ലറിയിലെ സിസിടിവി സംവിധാനവും മോഷ്ടാക്കള്‍ തകര്‍ത്തെങ്കിലും അകത്ത് കയറിയ രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു. മോഷണ രീതി പരിശോധിച്ചതില്‍ ഇതര സംസ്ഥാന മോഷ്ടാക്കളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് പ്രാഥമികഘട്ടത്തില്‍ തന്നെ സംശയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പശ്ചിമ ബംഗാളടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
പിടിയിലായ പ്രതിയെയും കൊണ്ട് പൊലീസ് സംഘം ചൊവ്വാഴ്ച ജാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേക്ക് തിരിക്കും. സിവില്‍ പോലീസ് ഓഫീസര്‍മാരായ അന്‍വര്‍ റഷീദ്, ജയപ്രകാശ്, ഷാജി(ഹോംഗാര്‍ഡ്) ഡിവൈഎസ്പിയുടെ സ്‌കോഡില്‍ ഉള്ള ഹരിദാസന്‍ ഷിബില്‍ ജോസഫ്, രാജീവ് ബാബു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam