ഉത്തരേന്ത്യന്‍ കൊള്ള സംഘം 'ഉദുവ ഹോളിഡെ റോബേഴ്‌സ്' കവര്‍ന്ന നൂറ് പവന്‍ കണ്ടെടുത്തു

By Web DeskFirst Published Mar 7, 2018, 6:07 PM IST
Highlights
  • നൂറ് പവനും രണ്ട് ലക്ഷം രൂപയും കണ്ടെടുത്തു
  • സ്വര്‍ണം കണ്ടെത്തിയത് ബീഹാറില്‍ നിന്ന്

തൃശൂര്‍: ചാലക്കുടി നോര്‍ത്ത് ജംഗ്ഷനിലെ ഇടശ്ശേരി ജ്വല്ലറിയില്‍ നിന്നും ഉത്തരേന്ത്യയിലെ കൊള്ളസംഘം കവര്‍ച്ച നടത്തിയ ആഭരണത്തിലെ നൂറ് പവനും രണ്ട് ലക്ഷം രൂപയും കണ്ടെടുത്തു. ഉദുവ ഹോളിഡേ റോബേഴ്‌സ് കൊള്ളസംഘത്തെ ചുറ്റിപ്പറ്റി ജാര്‍ഖണ്ഡ്, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തൊണ്ടി മുതലിലെ ഒരു ഭാഗം കണ്ടെടുക്കാനായത്. ചാലക്കുടി ഡിവൈ.എസ്.പി - സി.എസ് ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടരുന്നത്.

ബീഹാറിലെ കത്തിഹാര്‍ ജില്ലയിലെ ശിവാമന്ദിര്‍ ചൗക്കില ജ്വല്ലറിയില്‍ വില്‍ക്കാന്‍ ഏല്‍പിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ് കണ്ടെത്തിയത്. പ്രതി കില്ലര്‍ അമീറിന്‍ പിയാര്‍ പൂരിലുള്ള വീട്ടില്‍ നിന്നാണ് മോഷ്ടിച്ച ഒരു മാല കണ്ടെത്തിയത്. ജനുവരി 27ന് രാത്രിയാണ് ചാലക്കുടി നോര്‍ത്ത് ജംഗ്ഷനിലെ ഇ.ടി.ദേവസ്സി ആന്റ് സണ്‍സ് ഇടശ്ശേരി ജ്വല്ലറിയില്‍ കേരത്തെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. നഗരത്തിലെ നിരീക്ഷണ കാമറകളില്‍ നിന്നാണ് ഉത്തരേന്ത്യന്‍ മോഷ്ടാക്കളുടെ സാന്നിധ്യം പൊലീസിന് വ്യക്തമായത്. 

ഉത്തര മേഖല ഡി.ജി.പി.-രാജേഷ് ദിവാന്‍, തൃശൂര്‍ റേഞ്ച് ഐ.ജി. -എം.ആര്‍.അജിത് കുമാര്‍, തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐ.പി.എസ്, എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും തുടര്‍ന്ന് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചക്ക് പിന്നിലെ സംഘത്തെ തിരിച്ചറിഞ്ഞു. പിന്നീട് ജാര്‍ഖണ്ഡിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് സാഹിബ് ഗഞ്ച് ജില്ലയിലെ കവര്‍ച്ചാ സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ബീഹാറിലെ കത്തിഹാറില്‍ നിന്നും അമീര്‍ ഛേക്ക് എന്ന കില്ലര്‍ അമീറിനെ ജാര്‍ഖണ്ഡിലെ സാഹിബ് ഗഞ്ച് ജില്ലയിലെ രാധാനഗറില്‍ നിന്നും ഇന്‍ജാമുള്‍ എന്ന ചൂഹയെ പശ്ചിമബംഗാളിലെ ഹബാസ്പൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 

കവര്‍ച്ചാ സംഘതലവന്‍ അശോക് ബാരിക്കുമായി ജാര്‍ഖണ്ഡിലേക്ക് തിരിച്ച അന്വേഷണം പല സ്ഥലങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ശിവ് മന്ദിര്‍ ചൗക്കിലെ ഒരു ജ്വല്ലറിയില്‍ നിന്നും അശോക് ബാരിക് വില്‍ക്കാന്‍ ഏല്‍പ്പിച്ചിരുന്ന 800ഗ്രാം സ്വര്‍ണ്ണവും വിറ്റ് കിട്ടിയ രണ്ട് ലക്ഷം രൂപയും കണ്ടെടുത്തു. അന്വേഷണ സംഘത്തില്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍, ജില്ലാ ക്രൈം ബ്രാഞ്ച് എ.എസ്.ഐ കെ.എ മുഹമ്മദ് അഷറഫ്, ക്രൈം സ്‌കാര്‍ഡംഗങ്ങളായ എസ്.ഐ വത്സകുമാര്‍ വി.എസ്, സതീശന്‍ മടപ്പാട്ടില്‍, ജോബ് സി.എ, റോയ് പൗലോസ്, മൂസ പി.എം, അജിത്കുമാര്‍, സില്‍ജോ വി.യു, ഷിജോതോമസ്, എന്നിവരടങ്ങിയ സംഘമാണ് വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തിയത്.

click me!