സംസ്ഥാനത്തെ സ്വാശ്രയ ബിഎഡ് കോളേജുകളില്‍ തീവെട്ടിക്കൊള്ള

Published : Jun 15, 2017, 10:11 AM ISTUpdated : Oct 05, 2018, 02:07 AM IST
സംസ്ഥാനത്തെ സ്വാശ്രയ ബിഎഡ് കോളേജുകളില്‍ തീവെട്ടിക്കൊള്ള

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തെ 104 സ്വാശ്രയ ബിഎഡ് കോളേജുകളില്‍ നടക്കുന്നത് തീവെട്ടിക്കൊള്ള. സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ ബിഎഡ് കോളേജുകള്‍ക്ക്  നിശ്ചയിച്ച വാര്‍ഷിക ഫീസായ 29000 രൂപ വാങ്ങേണ്ടിടത്ത് ബഹുഭൂരിപക്ഷം കോളേജുകളും വാങ്ങുന്നത് 40000 രൂപയ്ക്ക് മുകളിലാണെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മാനേജ്മെന്‍റ് സീറ്റുകളുടെ പേരില്‍ വാങ്ങുന്ന തലവരിപ്പണത്തിനും കയ്യും കണക്കുമില്ല.  നാല്പതിനായിരം രൂപവരെയാണ് തലവരിപ്പണമായി പല മാനേജുമെന്‍റുകളും ഈടാക്കുന്നത്. 

സ്വാശ്രയ മെഡിക്കല്‍,എഞ്ചിനീയറിംഗ് കോളേജുകളിലേക്കുളള ഫീസും വിദ്യാര്‍ത്ഥി പ്രവേശനവും മാത്രം ചര്‍ച്ചയാവുമ്പോള്‍ സംസ്ഥാനത്തെ നൂറിലധികം വരുന്ന സ്വാശ്രയ ബിഎഡ് കോളേജുകളില്‍ നടക്കുന്നതെന്താണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം അന്വേഷിച്ചത്. സംസ്ഥാനത്തെ സ്വാശ്രയ ബിഎഡ് കോളേജ് ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് തീരുമാനിച്ച വാര്‍ഷിക ഫീസ് 29000 രൂപയാണ്. എന്നാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്വാശ്രയ കോളേജ് മാനേജുമെന്‍റുകളും അവര്‍ക്ക് തോന്നിയ രീതിയിലുള്ള ഫീസാണ് വാങ്ങുന്നതെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം. 

സംസ്ഥാനത്തിന്‍റെ തെക്കേ അറ്റത്തുള്ള സര്‍വ്വകലാശാലയായ കേരളാ സര്‍വ്വകലാശാലയ്ക്ക് കീഴിലെ ഒരു സ്വാശ്രയ ബിഎഡ് കോളേജിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ആദ്യം എത്തിയത്.  ആലപ്പുഴ മുഹമ്മയിലെ ശോഭാ ബിഎഡ് കോളേജ്. ബിഎഡ് പ്രവേശനത്തിനായി ഒരു അപേക്ഷാ ഫോറം വാങ്ങാനെന്ന പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത്. ഇവിടെ ഇവര്‍ വാങ്ങുന്ന ഫീസ് ഇങ്ങനെ.

രണ്ട് വര്‍ഷത്തേക്ക് 78000 രൂപ. രണ്ട് കൊല്ലത്തെ ഫീസായ 58000 രൂപയടക്കം 61000 രൂപ പരമാവധി വാങ്ങാന്‍ കഴിയുന്നിടത്ത് വാങ്ങുന്നത് 78000 രൂപ. കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിയിലെ കോളേജുകളിലേക്ക് പോയാല്‍ കാഴ്ച വ്യത്യസ്തമല്ല, പഴയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്‍റ് ബിഎഡ് കോളേജ്. 29000 രൂപ വാര്‍ഷിക ഫീസടക്കം രണ്ട് വര്‍ഷത്തേക്ക് ആകെ 61000 രൂപ വാങ്ങാന്‍ മാത്രം സര്‍ക്കാര്‍ അനുമതി നല്‍കിയ സ്ഥാനത്ത് അവര്‍ വാങ്ങുന്നത് 90000 രൂപ. 

ആദ്യവര്‍ഷം നാല്പത്തി ഏഴായിരവും രണ്ടാംവര്‍ഷം 43000 രൂപയും. ആലപ്പുഴയിലും കണ്ണൂരും മാത്രമല്ല, സംസ്ഥാനത്തുടനീളം ഇത് തന്നെയാണ് സ്ഥിതിയെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മനസ്സിലായി. ഇത് ഫീസിന്‍റെ പേരില്‍ നടക്കുന്ന കൊള്ള. ഇനി തലവരിപ്പണത്തിലേക്ക് കടക്കാം. കണ്ണൂര്‍ ചെക്കിക്കുളത്ത് പ്രവര്‍ത്തിക്കുന്ന സലഫി ബിഎഡ് കോളേജിന്‍റെ മാനേജ്മെന്‍റ് പ്രതിനിധിയെ ഞങ്ങള്‍ വിളിച്ചു. 

കേട്ടല്ലോ. 25000 രൂപയാണ് മാനേജ്മെന്‍റ് സീറ്റിന് തലവരിയായി ആവശ്യപ്പെട്ടത്. നാല്പതിനായിരം രൂപ വരെ കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലെ പല കോളേജുകളും മാനേജ്മെന്‍റ് സീറ്റിന്‍റെ പേരില്‍ തലവരിപ്പണമായി വാങ്ങുന്നുണ്ട്.  സംസ്ഥാനത്തെ സ്വാശ്രയ ബിഎഡ് കോളേജുകളില്‍ നടക്കുന്ന ഈ വിദ്യാഭ്യാസ കച്ചവടം നമ്മുടെ സര്‍ക്കാര്‍ സംവിധാനം അറിയാഞ്ഞിട്ടാണോ. 

കേരളത്തിലെ സ്വാശ്രയ ബിഎഡ് കോളേജുകള്‍ക്ക് വാങ്ങാന്‍ അനുവാദം നല്‍കിയ വാര്‍ഷിക ഫീസായ 29000 രൂപയ്ക്ക് പകരം അരലക്ഷം  രൂപ വരെ വാങ്ങാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'
ചങ്ങരോത്ത് പഞ്ചായത്തിലെ യുഡിഎഫ് ശുദ്ധികലശം; എസ്‍‍ സി, എസ്‍ റ്റി വകുപ്പ് പ്രകാരം 10 പേർക്കെതിരെ കേസെടുത്തു