അവഗണനയുടെ ട്രാക്കില്‍ ശബരി റെയില്‍ പാത; തുടങ്ങിവെച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാടെടുത്ത് നശിക്കുന്നു

By Web DeskFirst Published Jan 8, 2017, 7:53 AM IST
Highlights

കാലിയെ കെട്ടാനും ആടുമേയ്‌ക്കാനും നെല്ലുണക്കാനുമാണ് കാലടി റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം ഇപ്പോള്‍ നാട്ടുകാര്‍ ഉപയോഗിക്കുന്നത്. പ്ലാറ്റ് ഫോം നിര്‍മ്മാണം പകുതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആര്‍ക്കും വേണ്ടാതെ ഓഫീസ് മുറിയും ഉപകരണങ്ങളും‍ നശിക്കുകയാണ്. ഇത് പെരിയാറിന് കുറുകെ പണിത പാലത്തിലും റെയില്‍ പാകിയിട്ടില്ല. അങ്കമാലി മുതല്‍ കാലടി വരെയുള്ള ആദ്യറീച്ചില്‍ എട്ടര കിലോമീറ്റര്‍ പാതയാണ് ആകെ പണിതത്. അതില്‍ തന്നെ ട്രാക്കിലെ ലിങ്ക് ഇട്ടത് ഒന്നര കിലോമീറ്ററില്‍ മാത്രമാണ്.

അങ്കമാലി മുതല്‍ എരുമേലി വരെ 113 കിലോമീറ്റര്‍ പാതയ്‌ക്ക് 25 വര്‍ഷം മുന്‍പ് 550 കോടി രൂപയായിരുന്നു ചെവല് കണക്കാക്കിയിരുന്നത്. ഇപ്പോഴത്തെ ചെലവ് 2600 കോടിയോളം വരും. പലവട്ടം മാറി മറഞ്ഞ അലൈന്‍മെന്റിന് ശേഷം പദ്ധതി ട്രാക്കിലാക്കാന്‍ സംയുക്ത കമ്പനി രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ആഴ്ച മാത്രമാണ്. പ്രാരംഭ മൂലധനമായി വേണ്ട 100 കോടിയില്‍ ഇതുവരെ വകയിരുത്തിയ സംസ്ഥാനവിഹിതം  നാല് കോടിയും കേന്ദ്ര വിഹിതം അഞ്ച് കോടിയും  മാത്രമാണ്.

പാത വന്നാല്‍ ഏറെ പ്രയോജനം ശബരിമല തീര്‍ത്ഥാടകര്‍ക്കാണ്. മലയാളികളേക്കാള്‍ 55 ശതമാനം അധികം ശബരിമല ഭക്തര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നുണ്ടെന്നാണ് കണക്ക്. സീസണില്‍ റെയില്‍വെ 300 ഓളം തീവണ്ടികള്‍ അധികമോടിക്കുന്നുണ്ട്. യാത്രാ ക്ലേശത്തിന് പരിഹാരമെന്നതിലുപരി ഇടുക്കി-പത്തനംതിട്ട മലയോരമേഖലയുടെ സമഗ്ര വികസനം കൂടി ലക്ഷ്യമിട്ടിരുന്നു ശബരിപാത വിഭാവനം ചെയ്തത്.

click me!