
മസ്കറ്റ്: ഒമാനിൽ കുടുംബവിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധി 600 റിയാലായി തുടരും. അടിസ്ഥാന ശമ്പളപരിധി കുറച്ചുകൊണ്ട്, കൂടുതൽ വിദേശികൾക്ക് കുടുംബങ്ങളെ കൊണ്ടുവരാൻ അവസരമൊരുക്കണമെന്ന് മജ്‍ലിസ് ശൂറ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി റോയൽ ഒമാൻ പൊലീസാണ് തീരുമാനമറിയിച്ചത്.
2013ലാണ്, കുടുംബ വിസ ലഭിക്കുന്നതിന് 600 ഒമാനി റിയാൽ അടിസ്ഥാന വേതനം ആക്കികൊണ്ടു റോയല്‍ ഒമാന്‍ പോലീസ് ഉത്തരവിറക്കിയത്.ഇതു പ്രവാസി മലയാളികളെ കൂടാതെ മറ്റു വിദേശികളെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഈ നിയമം ലഘൂകരിക്കണമെന്നും ശമ്പള പരിധി കുറക്കണമെന്നും പൊതുസമൂഹത്തിൽ ആവശ്യം ഉയർന്നു വന്നു. ശമ്പള പരിധി കുറക്കുന്നത് മൂലം കൂടുതല്‍ വിദേശികൾക്ക് കുടുംബവിസ ലഭ്യമാകുകയും കുടുംബങ്ങള്‍ ഒമാനിൽ എത്തി,തങ്ങളുടെ വരുമാനം രാജ്യത്തു ചെലവഴിക്കുമെന്നായിരുന്നു മജ്‌ലിസ് ശൂറയുടെ വിശദീകരണം.
എന്നാല്‍, മന്ത്രിസഭാ കൗണ്‍സില്‍ നിയമിച്ച സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബവിസ ലഭിക്കുന്നതിന് ചുരുങ്ങിയ ശമ്പളം 600 ഒമാനി റിയാലാക്കിയതെന്നും ഇതില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷത്തിന്റെ ആദ്യപകുതിയിൽ വിദേശികള്‍ തങ്ങളുടെ നാടുകളിലേക്ക് അയച്ച തുക 2.13 ശതകോടി ഒമാനി റിയാലാണ്.
എണ്ണവില കുറഞ്ഞതുമൂലം തൊഴില്‍ നഷ്ടവും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കലും മറ്റും മുന്നില്‍ക്കണ്ട് കുടുംബങ്ങളെ നാട്ടിലേക്ക് അയക്കുന്ന മലയാളികളടക്കം വിദേശികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കുടുംബങ്ങളുടെ കുറവ് ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും, പാർപ്പിട മേഖലയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam