ബിഹാറില്‍ അക്രമങ്ങള്‍ തുടരുന്നു, രണ്ട് ആര്‍പിഎഫുകാര്‍ക്ക് വെടിയേറ്റു; ഒരാള്‍ കൊല്ലപ്പെട്ടു

By Web DeskFirst Published May 14, 2016, 5:25 AM IST
Highlights

ബിഹാറില്‍ രണ്ട് ആര്‍പിഎഫ് ജവാന്‍മാരെ വെടിവച്ചിട്ട് അക്രമികള്‍ തോക്കുകളുമായി കടന്നു കളഞ്ഞു. വെടിയേറ്റ ഒരു ജവാന്‍ കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തില്‍ ബിഹാറിലെ സിവാനില്‍ ഒരു മാധ്യമപ്രവ‍ര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു.

ബിഹാറിലെ ജെഡിയു ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്തിന്‍റെ മകന്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊന്ന കേസിനെ തുടര്‍ന്ന് ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. കാട്ടു ഭരണം തിരിച്ചു വന്നെന്നാരോപിച്ച് പ്രതിഷേധം തുടരുന്നതിനിടെയാണ് ഉത്തര്‍പ്രദേശിലെ മുഗല്‍സരായില്‍ നിന്ന് ബിഹാറിലെ ബുക്‌സറിലേക്ക് പോകുന്ന തീവണ്ടിയില്‍ വച്ച് രണ്ട് ആര്‍പിഎഫ് ജവാന്‍മാര്‍ അക്രമിക്കപ്പെട്ടത്. ഇവരെ വെടിവച്ചിട്ട് അക്രമികള്‍ തോക്കുകളുമായി രക്ഷപ്പെട്ടു. അഭിഷേക് സിങ്, നന്ദലാല്‍ യാദവ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിഷേക് സിങ് മരിച്ചു.ൃaഇതിനിടെ ബിഹാറിലെ സിവാന്‍ ജില്ലയില്‍ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്‍റെ ബ്യൂറോ ചീഫായ രജ്ദേവ് രഞ്ചനെ സിവാന്‍ റയില്‍വ്വേ സ്റ്റേഷനടുത്ത് വച്ച് അജ്ഞാതര്‍ വെടിവച്ചു കൊന്നു. രജ്ദേവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  മറ്റൊരു സംഭവത്തില്‍ ബിഹാറിലെ നളന്ദയില്‍ രണ്ടു സംഘങ്ങള്‍ ഏറ്റു മുട്ടിയതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബിഹാറില്‍ വിദ്യാര്‍ത്ഥി വെടിവച്ചു കൊന്ന കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് മദ്യം കണ്ടെത്തിയതിനെതുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയുടെ അമ്മയും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ മനോരമ ദേവിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ബിഹാറില്‍ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ  പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.

click me!