
വയനാട്: ആഞ്ഞൊന്ന് ചവിട്ടിയാല്‍ വെള്ളം കിനിയുന്ന കുന്ന്. അതാണ് തൊവരിമല. വേനലില്‍ പോലും വറ്റാത്ത ഉറവകളാണ് കുന്നിലെങ്ങും. ശിലായുഗത്തിന്റെ ശേഷിപ്പുകളുള്ള എടയ്ക്കല്‍ ഗുഹയുടെ അഞ്ച് കിലോമീറ്റര്‍ മാറി സുല്‍ത്താന്‍ ബത്തേരിക്കടുത്ത് നെന്മേനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന തൊവരിമല ഇന്ന് നിരവധി കുടുംബങ്ങള്‍ക്കാണ് ദാഹനീര് നല്‍കുന്നത്. അതിന് വഴിയൊരുക്കിയതാകട്ടെ പ്രദേശത്തെ കോളനിയിലെ ഏതാനും ചെറുപ്പക്കാരും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാതെ സ്വന്തം ആശയത്തില്‍ പിറന്ന വലിയ സേവനത്തിന്റെ കഥയാണിത്.
കോളനിയിലെ അനീഷ്, ഗോപി, സുധി, സന്ദീപ്, വിജിത്, അഭിഷേക്, പ്രശാന്ത്, ചന്ദ്രന്‍, ജയേഷ്, അനീഷ് തുടങ്ങിയവരാണ് കുടിവെള്ള പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഏകദേശം ഒരു കിലോമീറ്റര്‍ മാറി മലയടിവാരത്തിലാണ് താണിപ്പുര ആദിവാസി കോളനി. കുറുമ വിഭാഗത്തില്‍പ്പെട്ട 15 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. വേനല്‍ പാതിയെത്തുന്നതിന് മുമ്പെ കോളനിയിലെ കിണറുകളെല്ലാം വറ്റും. പിന്നെ പലയിടത്തും നിന്നും വെള്ളമെത്തിച്ച് വേനല്‍ തള്ളി നീക്കണം. ദുരിതം കടുത്തപ്പോഴാണ് വിറകു ശേഖരിക്കാനും മറ്റും പോയവരില്‍ ചിലര്‍ തൊവരിമലയിലെ ഉറവയുടെ കാര്യം ഓര്‍മിപ്പിച്ചത്. പിന്നെ താമസിച്ചില്ല കോളനിയിലെ ചെറുപ്പക്കാരില്‍ ചിലര്‍ നീരുറവയെ കോളനിയിലെത്തിക്കുന്നതിനെ കുറിച്ചാലോചിച്ച് മല കയറി തുടങ്ങിയിരുന്നു.
ഒരു പകലില്‍ ഒരുങ്ങിയ ജലവിതരണ ശൃംഖ
പത്തു ചെറുപ്പാക്കാര്‍ കോളനിയിലെ രണ്ടു വളര്‍ത്തുനായ്ക്കളെയും കൂട്ടി മലകയറി. ഒരു പകല്‍ മുഴുവനും നീണ്ട അധ്വാനത്തിനൊടുവില്‍ വാട്ടര്‍ അതോറിറ്റി പോലും തോല്‍ക്കും വിധത്തില്‍ കോളനിയിലെ വീടുകളിലെല്ലാം വെള്ളമെത്തി തുടങ്ങിയിരുന്നു. മലമുകളില്‍ നിന്ന് കോളനി വരെ ഒരു കിലോമീറ്റര്‍ പൈപ്പിടാനും വെള്ളം ശേഖരിക്കാനുള്ള ടാങ്ക് സ്ഥാപിക്കാനും ആകെ ചെലവായത് വെറും 5000 രൂപ മാത്രം. മലമുകളിലെ ഉറവകളെല്ലാം ബണ്ടിനകത്ത് ശേഖരിച്ച് അതിലാണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. വെള്ളം അരിക്കാനുള്ള സംവിധാനവും ഇതിനുള്ളിലുണ്ട്.
ഒരു ഒഴിവുദിനത്തില്‍ മറ്റു തിരക്കെല്ലാം ഉപേക്ഷിച്ച് അവര്‍ പത്ത് ആണുങ്ങള്‍ മലകയറി. തൂമ്പയും വാക്കത്തിയും വലിയ വടിയുമെല്ലാം കൈയ്യില്‍ കരുതിയായിരുന്നു ആ പോക്ക്. പന്നികളുടെ ആക്രമണമുണ്ടാകാം. നിക്ഷിപ്ത വനഭൂമിയാണ്. പുലിയുമുണ്ടാകാം. വന്യമൃഗങ്ങളെ നോക്കാനള്ള ജോലി നായ്ക്കളെ ഏല്‍പ്പിച്ചു. പിന്നെ പണി തുടങ്ങി. നല്ല ഉറവയുള്ള സ്ഥലം നോക്കി സാമാന്യം വലുപ്പത്തില്‍ നല്ലൊരു തടയണ നിര്‍മ്മിച്ചു. അല്‍പ്പ നേരത്തെ താമസം. വെള്ളം നിറഞ്ഞ് പൊട്ടുമെന്ന സ്ഥിതിയായിരുന്നു. അങ്ങനെ പഴമക്കാര്‍ പകര്‍ന്ന അറിവില്‍ നിന്ന് പ്രകൃതിദത്ത ജലസംഭരണി ജന്മമെടുക്കുകയായിരുന്നു.
പഴയ ആശയത്തിന് പുതിയ രൂപം
പണ്ടുമുതലെ മലമുകളിലെ വെള്ളം ചാലുകള്‍ വഴി താഴെയെത്തിക്കുമായിരുന്നെങ്കിലും പൈപ്പ് സ്ഥാപിച്ചും വെള്ളം അരിച്ചുമുള്ള നൂതന രീതിയാണ് താനിപ്പുരക്കാര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ന് കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള ഒരു ദിവസം പോലും ഈ കോളനി നിവാസികളുടെ ഓര്‍മ്മയിലില്ല. സംവിധാനം ഒരുക്കി മൂന്നുവര്‍ഷത്തോട് അടുക്കുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാര്‍ ഒരുക്കുന്ന കുടിവെള്ള പദ്ധതികള്‍ പാതിവഴിയില്‍ നിന്നുപോയെന്നും മറ്റുമൊക്കെയുള്ള വാര്‍ത്തകള്‍ വായിച്ച് ഊറിച്ചിരിക്കുകയാണ് താനിപ്പുര കോളനിയിലെ ചെറുപ്പക്കാര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam