
മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പ്രമേയമായ സഞ്ജു എന്ന ചിത്രത്തിനെതിരെ ആര്‍.എസ്.എസ് മുഖമാസിക പാഞ്ചജന്യം രംഗത്ത്. മോശം വ്യക്തിത്വങ്ങളോട് എന്തുകൊണ്ടാണ് ബോളിവുഡിന് ഇത്ര താല്‍പ്പര്യമെന്ന് പാഞ്ചജന്യത്തിലെ പുതിയ ലക്കത്തിലെ ലേഖനം ചോദിക്കുന്നു.
സഞ്ജയ് ദത്ത് സ്ത്രീലമ്പടനും ക്രിമിനലും മയക്കുമരുന്നിന് അടിമയുമാണെന്ന് ആര്‍.എസ്.എസ് മാസിക കുറ്റപ്പെടുത്തി. അത്തരക്കാരനായ വ്യക്തിയുടെ ജീവിതകഥ സിനിമയാക്കേണ്ടതിന്‍റെ ആവശ്യകത എന്താണെന്നും ആര്‍.എസ്.എസ് പ്രസിദ്ധീകരണം ചോദിക്കുന്നു. മുന്‍ ബോളിവുഡ് താരങ്ങളായ സുനില്‍ ദത്തിന്‍റെയും നര്‍ഗീസ് ദത്തിന്റെയും മകന്‍ കൂടിയായ സഞ്ജയ് ദത്തിന് റോള്‍ മോഡലാക്കാനുള്ള എന്ത് ഗുണമാണുള്ളതെന്ന് പാഞ്ചജന്യം ചോദിച്ചു.
പണം മാത്രം ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ ധാര്‍മ്മികത തകര്‍ക്കുമെന്നും പാഞ്ചജന്യ കൂട്ടിച്ചേര്‍ത്തു. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയും നിരവധി ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന സഞ്ജയ് ദത്തിന്റെ ജീവിതകഥ ആസ്പദമാക്കി സിനിമ നിര്‍മ്മിച്ചത് സഞ്ജയ് ദത്തിനെ വെള്ളപൂശാനാണോ എന്നും ആര്‍.എസ്.എസ് ചോദിക്കുന്നു.
സഞ്ജുവിന്റെ സംവിധായകനായ രാജ് കുമാര്‍ ഹിരാനിയുടെ മുന്‍ ചിത്രമായ പി.കെയ്ക്ക് എതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പി.കെയ്ക്ക് പിന്നാലെ സഞ്ജുവും ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പുകഴ്ത്താനും മാത്രം എന്ത് മഹത്തായ കാര്യങ്ങളാണ് സഞ്ജയ് ദത്ത് ചെയ്തിട്ടുള്ളതെന്നും ആര്‍.എസ്.എസ് മാസികയിലെ ലേഖനത്തില്‍ ചോദിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam