
ഒടുവില്‍ ഒടിഞ്ഞ കൈകളുമായി പിതാവിനെ അന്വേഷിച്ച് ഉരുക്കു തുണ്ടുകള്‍ക്കിടയിലൂടെ അലയാനായിരുന്നു അവളുടെ വിധി. കാണ്‍പൂരില്‍ ട്രെയിനപകടം നടന്ന് മണിക്കൂറുകള്‍ക്കു ശേഷവും കാണാതായ അച്ഛനെയും തേടി നടക്കുന്ന യുവതി രക്ഷാപ്രവര്‍ത്തകരുടെയും നാട്ടുകാരെയും കണ്ണുനനയ്‍ക്കുന്നു. പാറ്റ്ന ഇന്‍ഡോര്‍ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഒടിഞ്ഞ കൈയ്യുമായി രക്ഷപ്പെട്ട റൂബി ഗുപ്‍ത എന്ന ഇരുപതുകാരി രാജ്യം കണ്ട വലയ തീവണ്ടി ദുരന്തങ്ങളിലൊന്നിന്‍റെ നേര്‍ക്കാഴ്ചയാകുകയാണ്.
ഡിസംബര്‍ 1നായിരുന്നു റൂബിയുടെ വിവാഹം. അതിനായി പിതാവിനും സഹോദരങ്ങള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കുമൊപ്പം പാറ്റ്ന ഇന്‍ഡോര്‍ എക്സ്പ്രസില്‍ ഉത്തര്‍പ്രദേശിലെ അസംഗഡിലേക്കുള്ള യാത്രയിലായിരുന്നു റൂബി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ചായിരുന്നു സംഘം യാത്ര തുടങ്ങിയത്.
പുലര്‍ച്ചയായിരുന്നു അപകടം. ഉറക്കത്തിനിടയില്‍ ട്രെയിന്‍ പാളങ്ങള്‍ക്കു പുറത്തേക്ക് എടുത്തെറിയപ്പെട്ടു. ട്രെയിനിന്റെ ഒട്ടുമിക്ക ബോഗികളുടേയും പാളം തെറ്റി. എങ്ങും കൂട്ടനിലവിളികള്‍.ട്രെയിന്‍ കോച്ചുകള്‍ വെട്ടിപൊളിച്ചാണ് പലരുടേയും മൃതദേഹം പുറത്തെടുത്തത്. തലകീഴാിയ മറിഞ്ഞ ബോഗിയില്‍ നിന്നും രണ്ട് കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ആറുംഅപകടത്തില്‍ റൂബിക്കും സഹോദരിമാരായ അര്‍ച്ചന (18), ഖുഷി (16) സഹോദരന്മാരായ അഭിഷേകിനും വിശാലിനും പരിക്കുപറ്റി. ഒടിഞ്ഞ കൈകളുമായി ഉരുക്കുപാളികള്‍ക്കിടയില്‍ നിന്നും പുറത്തു വന്നു നോക്കുമ്പോള്‍ ഒപ്പം ഉറങ്ങാന്‍ കിടന്ന അച്ഛന്‍ രാം പ്രസാദ് ഗുപ്‍തയെ കാണാനുണ്ടായിരുന്നില്ല. പലരോടും അന്വേഷിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും മോര്‍ച്ചറികളിലുമൊക്കെ പിതാവിനെ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല.
ഇനി അന്വേഷിക്കാന്‍ ഒരിടവും ബാക്കിയില്ല. വിവാഹത്തിനു വേണ്ടി കരുതിയ വസ്ത്രങ്ങളും സ്വര്‍ണ്ണവുമൊക്കെ അപകടത്തില്‍ നഷ്ടമായി. വിവാഹ സ്വപ്‍നങ്ങളൊന്നും ഇപ്പോള്‍ റൂബിയില്‍ അവശേഷിക്കുന്നില്ല. എങ്ങനെയെങ്കിലും അച്ഛനെ കണ്ടെത്തണം.
കൂട്ടിയിട്ടിരിക്കുന്ന ഉരുക്കുപാളികള്‍ക്കിടയിലിരുന്ന് അവള്‍ തേങ്ങിക്കരയുമ്പോള്‍ രാജ്യത്തെ ട്രെയിന്‍ ദുരന്തങ്ങളുടെ ചരിത്രത്തില്‍ ഒരു കറുത്ത അധ്യായം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam