തായിഫിലെ ചില സ്ഥലങ്ങളില്‍ ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്ക്

By Web DeskFirst Published Apr 23, 2018, 12:34 AM IST
Highlights
  • ഹിറാ ഗുഹക്ക് പുറമേ തായിഫിയിലെ ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് വിലക്ക്

സൗദി: ഹിറാ ഗുഹക്ക് പുറമേ തായിഫിയിലെ ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. തായിഫിനടുത്ത ഹലീമതു സഅദിയ പ്രദേശവും, ചില പള്ളികളും സന്ദര്‍ശിക്കുന്നതിനാണ് നിയന്ത്രണം. തീര്‍ഥാടനത്തിന്‍റെ ഭാഗമായി ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും ഹജ്ജ് ഉംറ പാക്കേജുകളില്‍ ഈ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ചരിത്ര പശ്ചാത്തലം സ്ഥിരീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് നിയന്ത്രണം.

ഇത്  ലംഘിക്കുന്ന ഹജ്ജ് ഉംറ സര്‍വീസ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. ഈ സ്ഥലങ്ങള്‍ക്ക്  പ്രവാചക ചരിത്രവുമായി ബന്ധമുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി അബ്ദുല്‍ അസീസ്‌ ബിന്‍ അസ്സാദ് ദമന്‍ഹൂരി പറഞ്ഞു. പ്രവാചകനെ മുലയൂട്ടി വളര്‍ത്തിയ ഹലീമ ബീവിയുടെ വീട് എന്ന നിലയ്ക്കാണ് ഹലീമതു സഅദിയില്‍ തീര്‍ഥാടകര്‍ എത്തുന്നത്.  ഇതിനു സ്ഥിരീകരിക്കപ്പെട്ട ചരിത്ര പിന്‍ബലമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 

സന്ദര്‍ശനത്തിനു മന്ത്രാലയത്തിന്റെ അനുമതി ഇല്ലാത്ത സ്ഥലങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്താന്‍ പാടില്ല. ചരിത്ര പ്രസിദ്ധമായ ഹിറാഗുഹ ഉള്‍ക്കൊള്ളുന്ന ജബല്നൂര്‍ മല സന്ദര്‍ശിക്കുന്നതിന് കഴിഞ്ഞ ദിവസം മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ പ്രശ്നങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ നിയന്ത്രണം.

click me!