
അലെപ്പോ: അലെപ്പോയിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ജനങ്ങളെ ഒഴിപ്പിക്കുന്നത് വരെ വിമതർക്കെതിരായ സംയുക്ത ആക്രമണം നിർത്തി വച്ചു. നീക്കത്തെ അമേരിക്ക സ്വാഗതം ചെയ്തു
സിറിയയിലെ അലെപ്പോയിൽ സർക്കാർ വിമതരും റഷ്യൻ സഹായത്തോടെ പ്രസിഡന്‍റ് ബാഷർ അൽ അസദ് സൈന്യവും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെയാണ് റഷ്യയുടെ പ്രഖ്യാപനം. നാല് വർഷമായി വിമതരുടെ ശക്തി കേന്ദ്രമായിരുന്ന പ്രദേശത്തിന്‍റെ നാലിൽ മൂന്ന് ഭാഗവും സിറിയൻ സൈന്യം പിടിച്ചെടുത്തതിന് പിന്നാലെ വിമതർ വെടിനിർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും റഷ്യ വഴങ്ങിയിരുന്നില്ല.
ജനങ്ങളെ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായി സൈനിക നീക്കം താൽക്കാലികമായി നിർത്തിവയ്ക്കാനാണ് റഷ്യയുടെ തീരുമാനം. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‍റോവാണ് പ്രദേശത്ത് നിന്ന് 8000പേരെ രക്ഷിക്കുന്നതിന്‍റെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ശനിയാഴ്ച ജനീവയിൽ അമേരിക്കയുടെയും റഷ്യയുടെയും സൈനിക വിദഗ്ധർ സിറിയയിൽ സമാധാനം കൊണ്ടു വരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും ലോവ്റോവ് അറിയിച്ചു .വെടിനിർത്തൽ പ്രഖ്യാപനത്തെ അമേരിക്ക സ്വാഗതം ചെയ്തു. സിറിയയിലെ റഷ്യൻ ഇടപെടൽ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കാത്തിരിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് ജോൺ ഏർണസ്റ്റ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam