രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ കഴുത്തറത്ത് കൊന്ന കേസില്‍ അറസ്റ്റിലായ കണ്ടക്ടര്‍ക്ക് ജാമ്യം

By Web DeskFirst Published Nov 21, 2017, 8:01 PM IST
Highlights

ഗുരുഗ്രാം: ഗുരുഗ്രാം റയാൻ ഇന്‍റര്‍നാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഏഴു വയസ്സുകാരൻ പ്രദ്യുമൻ ഠാക്കൂറിന്‍റെ കൊലപാതകക്കേസിൽ അറസ്റ്റിലായ സ്കൂൾ ബസ് കണ്ടക്ടര്‍ക്ക് ജാമ്യം. സ്കൂളിലെ ശുചിമുറിക്കകത്ത് വച്ച് രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗരുഗ്രാം ജില്ലാ കോടതിയാണ് തെളിവില്ലെന്ന് കണ്ടെത്തി അശോക് കുമാറിന് ജാമ്യം അനുവദിച്ചത്. 

അശോക് കുമാറല്ല, പരീക്ഷയിൽ നിന്നും അധ്യാപക - രക്ഷകര്‍ത്തൃ യോഗത്തിൽ നിന്നും രക്ഷപ്പെടാൻ സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിയാണ് രണ്ടാം ക്ലാസുകാരനെ കൊന്നതെന്ന സിബിഐയുടെ കണ്ടെത്തലിന് പിന്നാലെയാണ് അശോക് ജാമ്യാപേക്ഷ നൽകിയത്. പ്രകൃതിവിരുദ്ധ പീഡന ശ്രമത്തിനിടെ രണ്ടാം ക്ലാസുകാരനെ സ്കൂൾ ബസ് കണ്ടക്ടര്‍ കഴുത്തറുത്ത് കൊന്നുവെന്ന പൊലീസിന്‍റെ കണ്ടെത്തൽ കോടതി തള്ളി.

പൊലീസിനും സിബിഐയ്ക്കും അശോക് കുമാറിനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കിയ കോടതി 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിച്ചു. മാനുഷിക പരിഗണന കണക്കിലെടുത്താണ് അശോക് കുമാറിന് കോടതി സംശയത്തിന്‍റെ ആനുകൂല്യം നൽകിയത്.  രണ്ടരമാസത്തോളമായ ജയിൽവാസത്തിന് ശേഷമാണ് അശോക് കുമാറിന്‍റെ ജാമ്യം. ബസ് കണ്ടക്ടര്‍ക്ക് ജാമ്യം നൽകുന്നതിനെ പ്രദ്യുമൻ ഠാക്കൂറിന്‍റെ മാതാപിതാക്കളും സിബിഐയും എതിര്‍ത്തിരുന്നു. കേസിൽ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അശോക് കുമാര്‍ ഇപ്പോഴും പ്രതിസ്ഥാനത്താണെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്

click me!