റയാന്‍ സ്കൂള്‍ വീണ്ടും വിവാദത്തില്‍; വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

By Web DeskFirst Published Sep 28, 2017, 11:32 PM IST
Highlights

ദില്ലി: റയാന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ വീണ്ടും വിവാദത്തില്‍. ലുധിയാനയിലെ സ്കൂളില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഗുഡ്ഗാവില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ റയാന്‍ സ്കൂള്‍ ഉടമകളെ അറസ്റ്റ് ചെയ്യുന്നത് അടുത്ത മാസം ഏഴു വരെ പഞ്ചാബ് ഹരിയാന ഹൈക്കോടതി സ്റ്റേ ചെയ്തു.

ഈ മാസം എട്ടിനാണ് ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഏഴു വയസുകാരന്‍ കൊല്ലപ്പെട്ടത്. കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കവെയാണ് റയാന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്കൂളിനെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കിയത്. ലുധിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മാന്‍സുഖിനെ രണ്ട് അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. വടികൊണ്ടുള്ള അടിയേറ്റ് നിലത്തു വീണ കുട്ടിയെ വീണ്ടും മര്‍ദ്ദിച്ചെന്നും സംഭവം വീട്ടിലറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

കഴുത്ത്, കൈകള്‍, നെഞ്ച്, പുറം എന്നിവിടങ്ങളില്‍ അടിയേറ്റ പാടുണ്ട്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരമാസകലം ചുവന്ന പാടുകള്‍ കണ്ട് ചോദിച്ചപ്പോഴാണ് മര്‍ദ്ദിച്ച വിവരം പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ജബല്‍പൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാന്‍സുഖും സഹപാഠിയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരുടേയും അമ്മമാരുടെ വിളിച്ചു വരുത്തി പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മകനെ മര്‍ദ്ദിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.  

എന്നാല്‍ സഹപാഠിയെ ഉപദ്രവിച്ചതിന് ഒരു മാസത്തേക്ക് മാന്‍സുഖിനെ സ്കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് സ്കൂള്‍ അധികൃതരുടെ നല്‍കുന്ന വിശദീകരണം. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രാഥമിക അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഗുരുഗ്രാമിലെ റയാന്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ സ്കൂള്‍ ഉടമകളുടെ അറസ്റ്റ് പഞ്ചാബ് ഹരിയാന ഹൈക്കോടതി അടുത്ത മാസം 7 വരെ സ്റ്റേ ചെയ്തു.

click me!