
ദില്ലി: നവംബറിൽ ഇസ്ലാമാബാദിൽ നടക്കേണ്ട പത്തൊമ്പതാമത് സാർക്ക് ഉച്ചകോടി റദ്ദാക്കും. ഇന്ത്യക്ക് പിന്നാലെ ബംഗ്ലാദേശും ഭൂട്ടാനും അഫ്ഗാനിസ്ഥാനും ഉച്ചകോടി ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഇപ്പോൾ ന്യൂയോർക്കിലുള്ള സാർക്ക് ഡയറക്ടർ ജനറൽ അർജുൻ ബഹദൂർ ഥാപ്പ നേപ്പാളിൽ തിരിച്ചെത്തിയ ഉടനാവും തീരുമാനം. ശനിയാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുമ്പോൾ സാർക്ക് ഉച്ചകോടി നടത്തുന്നത് കൊണ്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ 9,10 തീയതികളിൽ ഇസ്ലാമാബാദിൽ നടക്കേണ്ട സാർക്ക് ഉച്ചകോടിയിൽ നിന്ന് ഇന്ത്യ പിൻമാറിയത്. ഇതിനു പിന്നാലെ സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കില്ല എന്ന് വ്യക്തമാക്കി ബംഗ്ലാദേശും ഭൂട്ടാനും അഫ്ഗാനിസ്ഥാനും സാർക്കിന്റെ അദ്ധ്യക്ഷത പദവിയിലുളള നേപ്പാളിന് കത്തയച്ചു. മേഖലയ്ക്കാകെ ഭീഷണിയായി മാറുന്ന ഭീകരവാദമാണ് പിൻമാറ്റത്തിനുള്ള കാരണമായി ഈ രാജ്യങ്ങളും ചൂണ്ടിക്കാട്ടിയത്. എട്ടു രാജ്യങ്ങളുള്ള സാർക്കിൽ നാലു രാജ്യങ്ങൾ പിൻമാറിയതോടെ ഉച്ചകോടി റദ്ദാക്കുമെന്നാണ് സൂചന.
ഉച്ചകോടി റദ്ദാക്കുന്നതിനെ എതിർക്കുമെന്നും ബഹിഷ്ക്കരണത്തിനുള്ള ഇന്ത്യയുടെ തീരുമാനം നിർഭാഗ്യകരമാണെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വേദി മാറ്റുക എന്ന ആശയത്തോടും പാകിസ്ഥാന് യോജിപ്പില്ല. ഇതിനിടെ സിന്ധു നദീജല കരാർ ഇന്ത്യ ലംഘിക്കുന്നു എന്ന പരാതിയുമായി പാകിസ്ഥാൻ ലോക ബാങ്കിനെ സമീപിച്ചു. ചിനാബ്, നീലം നദികൾക്കു കുറുകെയുള്ള ഇന്ത്യയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടയണം എന്നാണ് പാകിസ്ഥാൻ അറ്റോർണി ജനറൽ അഷ്തർ അസ്തഫ് അലിയുടെ നേതൃത്വത്തിലുള്ള സംഘം വാഷിങ്ടണിൽ ലോകബാങ്ക് ആസ്ഥാനത്തെത്തി ആവശ്യപ്പെട്ടത്. സാർക്കിൽ ജമ്മു കശ്മീർ മുഖ്യവിഷയമാക്കാൻ തയ്യാറെടുത്തിരിക്കുമ്പോഴാണ് പകുതി രാജ്യങ്ങൾ സാർക്ക് ഉച്ചകോടി ബഹിഷ്ക്കരിച്ച് പാകിസ്ഥാന് തിരിച്ചടി നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam