ശബരിമല നിലപാട്; മുന്‍ ബിജെപി സംസ്ഥാന സമിതി അംഗമടക്കം നാലു പേര്‍ സിപിഎമ്മില്‍ ചേര്‍ന്നു

By Web TeamFirst Published Dec 21, 2018, 9:16 PM IST
Highlights

ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന വെള്ളനാട് കൃഷ്ണകുമാർ അടക്കം നാലുപേർ സിപിഎമ്മിലേക്ക് തിരികെ ചേർന്നു. ശബരിമല പ്രശ്നത്തിലെ പാർട്ടി നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. യുവമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും സിപിഎമ്മിനൊപ്പം സഹകരിക്കാൻ തീരുമാനിച്ചു.

പത്തനംതിട്ട: ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന വെള്ളനാട് കൃഷ്ണകുമാർ അടക്കം നാലുപേർ സിപിഎമ്മിലേക്ക് തിരികെ ചേർന്നു. ശബരിമല പ്രശ്നത്തിലെ പാർട്ടി നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. യുവമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും സിപിഎമ്മിനൊപ്പം സഹകരിക്കാൻ തീരുമാനിച്ചു.

സിപിഎം നേതാവായിരുന്ന വെള്ളനാട് കൃഷ്ണകുമാർ പാർട്ടി വിട്ട് നേരത്തെ ബിജെപിയിൽ ചേർന്നത് ചർച്ചയായിരുന്നു. ശബരിമല വിഷയത്തില്‍ കൃഷ്ണകുമാർ സിപിഎമ്മിലേക്ക് തന്നെ മടങ്ങി. അന്ന് സിപിഎം വിട്ട ഉഴമലക്കൽ ജയകുമാർ, തൊളിക്കോട് സുരേന്ദ്രൻ, വെള്ളനാട് സുകുമാരൻ എന്നിവരും പഴയ പ്രസ്ഥാനത്തിലേക്ക് തിരിച്ചെത്തി. സെക്രട്ടറിയേറ്റിന് മുന്നിലെ ശോഭാ സുരേന്ദ്രൻറെ സമരപ്പന്തലിലെത്തിയ ശേഷമാണ് ഇവർ പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.

കൃഷ്ണകുമാറിന്‍റെ ഭാര്യ ഗിരിജ കൃഷ്ണകുമാർ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. അവർ ബിജെപി വിടുന്ന കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തലസ്ഥാനത്ത് നടന്ന രാജിക്ക് പിന്നാലെയാണ് യുവമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സിബി സാം തോട്ടത്തിലും സിപിഎമ്മിനൊപ്പം ചേരാൻ തീരുമാനിച്ചത്. സംസ്ഥാന സമിതി അംഗത്തിന്‍റെ രാജിയെകുറിച്ച് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

click me!