ശബരിമലയിലെ പുതിയ കൊടിമരം പ്രതിഷ്ഠിക്കാനുള്ള നടപടികൾക്ക് തുടക്കമായി

By Web DeskFirst Published Oct 13, 2016, 5:58 PM IST
Highlights

ശബരിമല: ശബരിമലയിൽ പുതിയ കൊടിമരം പ്രതിഷ്ഠിക്കാനുള്ള നടപടികൾക്ക് തുടക്കമായി.സ്വർണം പൂശുന്നതിനു മുൻപ് തേക്കുതടി എണ്ണത്തോണിയിൽ നിക്ഷേപിക്കുന്ന ചടങ്ങുകൾ ഇന്ന് പമ്പയിൽ നടന്നു.സുരേഷ് ഗോപി എംപി ദേവസം ബോർഡ് പ്രസിഡന്റ് തുടങ്ങിയവരുടെ സാനിധ്യത്തിൽ ആണ് ചടങ്ങുകൾ നടന്നത്.

രാവിലെ ഏഴരക്കും എട്ടരക്കും ഇടയിൽ  ആണ് തൈലാധിവാസ ചടങ്ങുകൾ നടന്നത്.ശരണ മന്ത്രങ്ങൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ പ്രതേക പൂജകൾക്ക് ശേഷം 51 കുടങ്ങളിൽ നിറച്ച തൈലം എണ്ണത്തോണിയിലേക്കു പകർന്നു. കഴിഞ്ഞ ആറു മാസത്തിനു മുൻപാണ് തേക്കുമരം പമ്പയിൽ എത്തിച്ചത്. കൊടിമരനിർമാണത്തിനു  മുന്നോടിയായി തടിയൊരുക്കുന്ന ജോലികൾ രണ്ടു ആഴ്ച മുൻപേ പൂർത്തിയായി.

ഇനി അടുത്ത എട്ടു മാസ കാലം തേക്കുതടി പ്രത്യേക തൈലത്തിൽ സൂക്ഷിക്കും. ഈ കാലയളവിൽ കൊടിമരത്തിൽ അയ്യപ്പഭക്തർക്കു  തൈലം പകരാൻ അവസരം നൽകും.മണ്ഡലകാലം പുര്‍ത്തിയാകുന്നതോടെ സന്നിധാനത്ത് എത്തിച്ചു് കൊടിമര പ്രതിഷ്ഠ നടത്താനാണ് ദേവസം ബോർഡിന്റെ തീരുമാനം. കൊടിമര നിർമാണത്തിനായി പത്തുകിലോ തങ്കവും അഞ്ചു കിലോ വെള്ളിയും ആണ് ഉപയോഗിക്കുന്നത്.

click me!