
പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും.
നാളെ രാവിലെ അഞ്ചിന് നട തുറക്കും. കുംഭമാസ പൂജകൾക്ക് ശേഷം ഞായറാഴ്ച രാത്രി 10ന് നടയടയ്ക്കും. സ്ത്രീ പ്രവേശന വിധിയെ തുടർന്ന് മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സന്നിധാനത്തിലും പമ്പയിലും നിലക്കലും ഓരോ എസ് പി മാരുടെ നേതൃത്വത്തിലാന്ന് സുരക്ഷാക്രമീകരണങ്ങൾ. അതേസമയം നട തുറക്കുന്ന ദിവസമായിട്ടും ദേവസ്വം ബോർഡ് പ്രസിഡണ്ടോ അംഗങ്ങളോ ഇന്ന് സന്നിധാനത്ത് എത്തിയില്ല. തിരുവനന്തപുരത്ത് ബോർഡ് യോഗം നടക്കുന്നത് കൊണ്ടാണ് ദേവസ്വം ഭാരവാഹികള്‍ എത്താതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
കുംഭമാസ പൂജ കാലത്തും നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന് പോലിസ് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജില്ലാ കളക്ടര്‍ ഇതിന് തയ്യാറായിട്ടില്ല. ശബരിമലയില്‍ സംഘര്‍ഷസാഹചര്യമുണ്ടാക്കുന്ന പക്ഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്ന നിലപാടിലാണ് ജില്ലാ കളക്ടര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam