
പത്തനംതിട്ട: ശബരിമലയില്‍ നാമജപപ്രതിഷേധം നടത്തിയവരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ആറന്‍മുളയില്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ വസതി ഉപരോധിക്കുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ അമ്പതോളം പേരാണ് വീടിന് മുന്നില്‍ കുത്തിയിരുന്ന് നാമജപ പ്രതിഷേധം നടത്തുന്നത്. യുവമോര്‍ച്ചാ പ്രവര്‍ത്തകരും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
ആറന്‍മുള പൊലിസ് സ്റ്റേഷന് മുന്നില്‍ സംഘടിച്ചവരാണ് ഇപ്പോള്‍ ഇവിടെ പ്രതിഷേധിക്കുന്നത്. സ്റ്റേഷന് സമീപമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ വസതി. നേരത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ശബരിമലയില്‍ പൊലിസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡ് എതിര്‍ത്തില്ല എന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.
ശബരിമല വലിയനടപ്പന്തലില്‍ നാമജപപ്രതിഷേധം നടത്തിയ എണ്‍പതിലധികം പേരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ കുത്തിയിരുന്ന് നാമജപം നടത്തിയായിരുന്നു പ്രതിഷേധം. എന്നാല്‍ പൊലിസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാത്തവരെ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി.
എന്നാല്‍ പിന്നാലെ സംസ്ഥാനമാകെ വലിയ പ്രതിഷേധങ്ങളാണ് ഉടലെടുത്തത്. തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടന്നു. വിവിധ ജില്ലകളിലെ നിരവധി പൊലിസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും നാമജപപ്രതിഷേധം നടക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam