മല കയറാൻ ആന്ധ്ര സ്വദേശിനി എത്തി; സമരക്കാർ തടഞ്ഞു; തിരിച്ചിറങ്ങി

Published : Oct 17, 2018, 11:00 AM ISTUpdated : Oct 17, 2018, 11:22 AM IST
മല കയറാൻ ആന്ധ്ര സ്വദേശിനി എത്തി; സമരക്കാർ തടഞ്ഞു; തിരിച്ചിറങ്ങി

Synopsis

മലചവിട്ടാനെത്തിയ ആന്ധ്ര സ്വദേശിനിയെയും കുടുംബത്തെയും സമരക്കാർ തടഞ്ഞു. കൊച്ചുകുട്ടികളടക്കമുള്ളവരെ കൂട്ടി എത്തിയ ആന്ധ്ര സ്വദേശികളെയാണ് സേവ് ശബരിമല പ്രവർത്തകർ തടഞ്ഞത്. കണ്ണീരോടെ മാധവി എന്ന യുവതിയും കുടുംബവും തിരിച്ചെത്തി. പമ്പയിലെത്തുന്നത് വരെ ഇവർക്ക് പൊലീസ് സംരക്ഷണം ഉണ്ടായിരുന്നില്ല. പമ്പയിലെത്തിയപ്പോൾ ഇവർക്ക് നേരെ 'സേവ് ശബരിമല' പ്രവർത്തകർ ശരണംവിളിച്ചും ആക്രോശിച്ചും എത്തിയതോടെ ഇവർക്ക് പിൻവാങ്ങേണ്ടി വരികയായിരുന്നു.  ആദ്യം സുരക്ഷ നല്‍കിയ പൊലീസ് പിന്നീട് പിന്‍വാങ്ങി.

പത്തനംതിട്ട: ശബരിമലയിലേക്ക് മല ചവിട്ടാന്‍ ആന്ധ്രയില്‍നിനിന്ന് എത്തിയ 45 വയസ്സുകാരിയ്ക്ക് കണ്ണീരോടെ മടക്കം. കുടുംബത്തോടെ എത്തിയ നാൽപതുകാരി മാധവിയും കുടുംബവും 'സേവ് ശബരിമല' സമരക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് പിൻവാങ്ങി. സമരക്കാരുടെ പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടാനാകാതെ തിരിച്ച് പോകുകയായിരുന്നു അവര്‍. ആദ്യം സുരക്ഷ നല്‍കിയ പൊലീസ് പിന്നീട് പിന്‍വാങ്ങിയതോടെ മുന്നോട്ട് പോകാനാകാതെ ഇവര്‍ തിരിച്ച് പോയി. 
 

പതിനൊന്ന് മണിയോടെയാണ് ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനി മാധവിയും കുടുംബവും പമ്പയിലെത്തിയത്. ആദ്യമായാണ് ഇവർ മല ചവിട്ടുന്നത്. സ്വാമി അയ്യപ്പൻ റോഡ് കടന്നെത്തിയ ഇവർക്ക് അതുവരെ പൊലീസ് സംരക്ഷണമുണ്ടായിരുന്നില്ല. ഗാർഡ് റൂം കടന്ന് മല കയറാനൊരുങ്ങിയ ഇവരെ 'സേവ് ശബരിമല' പ്രവർത്തകർ തടഞ്ഞു. ശരണം വിളിച്ചും ആക്രോശിച്ചും ചുറ്റും കൂടി. ഇതോടെ കുടുംബം പരിഭ്രാന്തിയിലായി. ഇവരുടെ പ്രായമാണ് പിന്നെ സമരക്കാർ ചോദിച്ചത്. അമ്പത് വയസ്സിന് താഴെയാണെന്ന് പറഞ്ഞതോടെ പോകാനനുവദിയ്ക്കില്ലെന്ന് പറഞ്ഞ് സമരക്കാർ ആക്രമണഭീഷണി മുഴക്കാൻ തുടങ്ങി. ചിലർ ഇവരെ കയ്യേറ്റം ചെയ്യാൻ മുതിർന്നു. തുടർന്നാണ് പൊലീസെത്തിയത്. കനത്ത സംരക്ഷണത്തിൽ ഇവരെ ഗണപതിക്ഷേത്രം വരെ എത്തിയ്ക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സമരക്കാർ മുന്നിൽ ഓടി. ഇവരെ തടയുമെന്ന് സമരക്കാർ വ്യക്തമാക്കിയതോടെ, പൊലീസ് പിൻവാങ്ങുകയായിരുന്നു.

ഇതോടെ പൊലീസ് സംരക്ഷണയിൽ തീർഥാടകകുടുംബം തിരികെപ്പോയി. ഇതോടെ 'സേവ് ശബരിമല' പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങി. 

വർഷങ്ങൾക്ക് ശേഷം മല ചവിട്ടുന്ന സ്ത്രീയെന്ന ചരിത്രം കുറിയ്ക്കാമായിരുന്ന തീർഥാടകയെ ആണ് 'സേവ് ശബരിമല' അയ്യപ്പസേനാ പ്രവർത്തകർ തടഞ്ഞത്. രാവിലെ അവലോകനയോഗത്തിൽ പങ്കെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറെ ഉൾപ്പടെ പ്രായം പരിശോധിച്ച ശേഷമാണ് സമരക്കാർ കയറ്റിവിടുന്നത്. ആരെയും തടയില്ലെന്ന് ഡിജിപിയും ഐജിയും ഉൾപ്പടെ പറഞ്ഞിരുന്നെങ്കിലും അതെല്ലാം പാഴ്വാക്കാവുന്ന കാഴ്ചയാണ് കാണുന്നത്. തീർഥാടകരും സ്ത്രീകളും സമരക്കാരുടെ മുന്നിൽ പ്രായം തെളിയിക്കേണ്ട സ്ഥിതിയാണ് കാണുന്നതും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്