
തിരുവനന്തപുരം: രാമായണ മാസാചരണത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് എഴുത്തുകാരനായ കെ സച്ചിദാനന്ദന്‍ പിന്‍വലിച്ചു. പരിപാടി നടത്തുന്ന സംഘടനയുമായി ബന്ധമില്ലെന്ന സിപിഎം വിശദീകരണത്തിനു പിന്നാലെയാണ് ഇത്. തനതായി രീതിയിലാണ് രാമായണ മാസം ആചരിക്കുന്നതെങ്കില്‍ ഹിന്ദുത്വ ആശയങ്ങളെ ശക്തിപ്പെടുത്തുമെന്നായിരുന്നു സച്ചിദാനന്ദന്‍റെ പോസ്റ്റ്.
കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി രാമായണമാസം ആചരിക്കുന്നതില്‍ തെറ്റ് കാണുന്നില്ല. പക്ഷെ അത് നടപ്പ് ആചാരത്തിന്റെ വഴിയില്‍ തന്നെയെങ്കില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയാണ് ശക്തിപ്പെടുത്തുകയെന്ന് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്‍. ഇന്ത്യയിലെ രാമായണപാരമ്പര്യത്തിന്റെ വൈവിധ്യം ബോധ്യപ്പെടുത്തി ഹിന്ദുത്വവാദികള്‍ പറയുന്ന ഏകശിലാരൂപമായ ഇന്ത്യ എന്ന ജനാധിപത്യ വിരുദ്ധ ആശയത്തിനെതിരെ ഇന്ത്യന്‍ ജനസംസ്കൃതിയുടെ നാനാത്വം ജനങ്ങളില്‍ എത്തിക്കാന്‍ ഇത് നല്ല അവസരമാണ്.
കാരണം രാമായണം ഒരു ദക്ഷിണേഷ്യന്‍ പാരമ്പര്യമാണ്, അത് ഹിന്ദുക്കളുടെതു മാത്രമല്ല. ബംഗ്ലാദേശിലെയും മലേഷ്യയിലെയും മുസ്ലിം നാടക ട്രൂപ്പുകള്‍ രാമായണം അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. ബുദ്ധിസ്റ്റുകള്‍ക്കും ജൈനര്‍ക്കും അവരുടെ രാമായണങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ രാമായണ പാരമ്പര്യത്തിന്റെ ഏറ്റവും നല്ല പഠനം നടത്തിയത് ബെല്‍ജിയന്‍ പാതിരി ആയിരുന്ന ഫാദര്‍ കാമില്‍ ബുല്‍ക്കെ ആണെന്നും കെ സച്ചിദാനന്ദൻ വിശദമാക്കുന്നു.
കേരളത്തില്‍ തന്നെ മാപ്പിള രാമായണവും വയനാടന്‍ രാമായണവും ഉള്‍പ്പെടെ 29 രാമായണപാഠങ്ങള്‍ ഉണ്ട്. മുന്നൂറു രാമയണങ്ങളെപ്പറ്റി ഏ കെ രാമാനുജന്‍ എഴുതി, എന്നാല്‍ അതിനേക്കാള്‍ എത്രയോ കൂടുതല്‍ രാമായണങ്ങള്‍ ഉണ്ട്. പലതിലും സീത രാവണപുത്രിയോ രാമസഹോദരിയോ ആണ്. വാല്മീകി രാമനേക്കാള്‍ അനീതിക്ക് ഇരയായ സീതയുടെ ഭാഗത്താണ്.
ഒരു ഭീലി രാമായണത്തില്‍ യുദ്ധമേ ഇല്ല- രാവണന്‍ സീതയെ തിരിച്ചു കൊടുത്തു മാപ്പ് ചോദിക്കുന്നു. രാമന്‍ സന്ന്യാസി ആയതിനാല്‍ ലക്ഷ്മണന്‍ രാവണനെ കൊല്ലുന്ന രാമായണം ഉണ്ട്. അങ്ങിനെ ആയിരം രാമായണങ്ങള്‍. രാമായണത്തെ ഒരു മതപാഠം ആക്കാതെ ഒരു സെക്യുലര്‍ എപ്പിക് ആയി അവതരിപ്പിക്കാന്‍ ആണ് ശ്രമിക്കേണ്ടത് എന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam