
തൃശ്ശൂര്‍: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തിന് ശേഷം തന്നെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ചു. കൃഷ്ണദാസിന്റെ സഹായം യഥേഷ്ടം ലഭിച്ചു. ഒളിവില്‍ കഴിയുന്നതിനിടെ ഒരു തവണ കൃഷ്ണദാസ് തന്നെ സന്ദര്‍ശിച്ചു. ഒരാഴ്ചക്ക് മുമ്പ് പാലക്കാട് വെച്ചാണ് ഈ കൂടിക്കാഴ്ച നടന്നതെന്നാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. ശക്തിവേലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അഞ്ച് പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ശക്തിവേലിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കിയതും കൃഷ്ണദാസാണ്.
എന്നാല്‍ ജിഷ്ണു മരിച്ച ദിവസം കൃഷ്ണദാസ് കോളേജില്‍ ഉണ്ടായിരുന്നോ എന്ന കാര്യം ഒരു കാരണവശാലും ഇയാള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നില്ല. ജിഷ്ണുവിന്റെ മരണത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്യാനായതെന്നതിനാല്‍ അന്വേഷണ സംഘത്തിന് നല്‍കേണ്ട മൊഴിയെപ്പറ്റിയെല്ലാം കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടാകാമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. നേരത്തെ പഠിച്ച് ഉറപ്പിച്ച മൊഴികള്‍ മാത്രമാണ് ഇയാള്‍ നല്‍കുന്നത്. കാര്യമായ വിവരങ്ങള്‍ ഇയാളി നിന്ന് കിട്ടുക എളുപ്പമല്ലെന്നും അന്വേഷണ സംഘം കരുതുന്നു. ശക്തിവേലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അഞ്ച് പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ഫോണ്‍വിളികളുടെ വിവരങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.
കേസിലെ മറ്റൊരു പ്രതിയായ പ്രവീണ്‍ നാസികില്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം അവിടെയെത്തിയ കേരളാ പൊലീസ് സംഘത്തിന്റെ പിടിയില്‍ നിന്ന് തലനാരിഴക്കാണ് ഇയാള്‍ രക്ഷപെട്ടതെന്നും പൊലീസ് പറയുന്നു. നാസികില്‍ ഇയാളെ സഹായിക്കുന്ന ഒരാളെ പൊലീസിന് പിടിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജിഷ്ണുവിന്റെ കോപ്പിയടി പിടിച്ചത് പ്രവീണ്‍ ആണെന്നാണ് കോളേജ് അധികൃതരുടെ വാദം. ഇയാളെ പിടികൂടാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam