
തൃശൂര്‍: കലങ്ങിമറിഞ്ഞ അന്തരീക്ഷത്തില്‍ നഴ്‌സുമാരുടെ ശമ്പള വിഷയം വീണ്ടും കത്തുന്നു. കൊച്ചിയില്‍ ഹൈക്കോടതി നിശ്ചയിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. തിരുവനന്തപുരത്ത് നടന്ന മിനിമം വേജ് അഡൈ്വസറി ബോര്‍ഡ്, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗത്തിന് താല്‍പര്യമറിയിച്ചു. ബോര്‍ഡിന് മുന്നില്‍ വന്ന ആക്ഷേപങ്ങളുടെയും അഭിപ്രായങ്ങളുടെയും അവസ്ഥ മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കാനാണ് യോഗം. ബോര്‍ഡിന് പുറമേ, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങിയ സമിതിയെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളെയും പങ്കെടുപ്പിച്ചായിരിക്കും യോഗം ചേരുക. ഏപ്രില്‍ മൂന്നിന് ശേഷം മുഖ്യമന്ത്രിയുടെ സൗകര്യംകൂടി കണക്കിലെടുത്തായിരിക്കും യോഗം.
നിലവില്‍ ബോര്‍ഡിന് മുന്നില്‍ വന്ന വസ്തുതകള്‍ പരിഗണിച്ച് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച അന്തിമ ശിപാര്‍ശയുടെ രത്‌നചുരുക്കം യോഗത്തില്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. തൊട്ടടുത്ത ദിവസം മിനിമം വേജ് യോഗം ഔപചാരികമായി ചേര്‍ന്ന് രേഖയാക്കി സര്‍ക്കാരിന് കൈമാറും.
മാര്‍ച്ച് 31 നകം അന്തിമ വിജ്ഞാപനം പാടില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബോര്‍ഡ് അന്തിമ ശിപാര്‍ശ കൈമാറുന്നത് ഉചിതമാവില്ലെന്ന നിയമോപദേശമുണ്ടായി. ഇതോടെയാണ് കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ മൂന്നിന് ശേഷം മുഖ്യമന്ത്രിയുമായുള്ള യോഗമാകാമെന്ന ധാരണയായത്.
അതേസമയം, കൊച്ചിയില്‍ നടന്ന യോഗത്തിലും സര്‍ക്കാര്‍ വിജ്ഞാപനം പാടില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നു. യുഎന്‍എ, സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ് അടക്കമുള്ളവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കണമെന്നാവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ മുന്നൂറോളം പരാതികളുണ്ടെന്നും അതെല്ലാം ഒറ്റയ്‌ക്കൊറ്റയ്ക്ക് കേള്‍ക്കാന്‍ കോടതി തയ്യാറാവണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.
ഇത് ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ബോധപൂര്‍വം വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നും ഒരേ സ്വഭാവത്തിലുള്ള പരാതിക്കാരെ തനിച്ച് കേള്‍ക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും വേണമെന്നും യൂണിയനുകള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിശ്ചയിക്കാന്‍ പോകുന്ന വേതനം എത്രയാണെന്ന് പോലും അറിയാതെ ശമ്പളപരിഷ്‌കരണ പ്രക്രിയയെ അട്ടിമറിക്കാനാണ് മാനേജ്‌മെന്റ് ശ്രമമെന്ന് യുഎന്‍എയും സിഐടിയും ആരോപിച്ചു.
എന്നാല്‍, യോഗത്തിന് ശേഷം പുറത്തുവന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍, മൂന്ന് മന്ത്രിമാര്‍ നിശ്ചയിച്ച വേതനം നല്‍കാന്‍ തയ്യാറാണെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. ഗ്രേഡ് എട്ട് വിഭാഗക്കാരായ ഏറ്റവും അടിത്തട്ടിലെ നഴ്‌സിംഗ് ഇതര ജീവനക്കാര്‍ക്ക് 16,000 രൂപ എന്ന നിരക്കാണ് മന്ത്രിമാര്‍ നിശ്ചയിച്ചതെന്നാണ് ഇവര്‍ പറയുന്നത്. ഇതനുസരിച്ച് കുറഞ്ഞ ഗ്രേഡിലുള്ള ജനറല്‍ നഴ്‌സിന് 22,000 രൂപ ലഭിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.
2017 ജൂലൈയിലാണ് മന്ത്രിമാരായ എ.കെ ബാലന്‍, ടി.കെ രാമകൃഷ്ണന്‍, പി.കെ ശൈലജ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി ഐആര്‍സിയുടെ ശിപാര്‍ശ തുടര്‍നടപടികള്‍ക്ക് വിട്ടത്. ഐആര്‍സിയും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ജൂലൈ 20 ന് മുഖ്യമന്ത്രി ഇതേ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയും മിനിമം വേജ് 20,000 രൂപയാക്കി തുടര്‍ നടപടികള്‍ക്കായി മിനിമം വേജ് അഡൈ്വസറി ബോര്‍ഡിന് വിട്ടത്. അന്ന് ഐആര്‍സി യോഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ ചെയ്തത്. ഐആര്‍സിയില്‍ അവതരിപ്പിക്കപ്പെട്ട തുക നല്‍കാമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചത് മാനേജ്‌മെന്റുകള്‍ക്കിടയില്‍ അസ്വാരസങ്ങളുണ്ടാക്കിയിട്ടുണ്ട്.
അതിനിടെ, ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന തടസ ഉത്തരവ് നീക്കി ഉടനടി ശമ്പള പരിഷ്‌കരണ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഏപ്രില്‍ 15 മുതല്‍ ആശുപത്രികളില്‍ മിനിമം ജീവനക്കാരെ നല്‍കി ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കും. ഏപ്രില്‍ 20 നു ശേഷം ലക്ഷം പേരെ അണിനിരത്തിക്കൊണ്ട് സെക്രട്ടേറിയേറ്റ് വളയലും അനിശ്ചിതകാല പണിമുടക്കും ആരംഭിക്കുമെന്നും യുഎന്‍എ നേതാക്കള്‍ അറിയിച്ചു. കെവിഎം സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഏപ്രില്‍ എട്ടിന് ചെങ്ങന്നൂരില്‍ മഹാസമ്മേളനം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam