'ചിരിച്ചാലും മരിക്കും ചിരിച്ചില്ലേലും മരിക്കും'; സലിം കുമാര്‍ ചിരികളുമായി പുസ്തകം വരുന്നു

By Web DeskFirst Published Aug 12, 2017, 11:59 AM IST
Highlights

തിരുവനന്തപുരം: സലിംകുമാര്‍ വെറും കഥയില്ലാത്തവനോ, ലുക്കില്ലെങ്കിലും ഭയങ്കരബുദ്ധി വെളിപ്പെടുത്തുന്ന ഒരു ജീവിതത്തിന്റെ കഥ, സലിംകുമാറിന്റെ ചിരി അനുഭവങ്ങളുമായി ചിത്രം വിചിത്രം അവതാരകന്‍ എഴുതിയ പുസ്തകം ഇന്ന് പുറത്തിറങ്ങും. നടന്‍ ജോയ്മാത്യുവിന്റെ അവതാരികയോടെ പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം തലസ്ഥാനത്ത് നടക്കും. കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോല്‍സവത്തില്‍ വച്ച് ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് ഐപിഎസ് പുസ്തകം പ്രകാശനം ചെയ്യും. നടന്‍ ഇന്ദ്രന്‍സ്, ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, സലിംകുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ചിരി ഒരു വികസനപ്രവര്‍ത്തനമാണോ, ആണ് എന്നാണ് നടന്‍ സലിംകുമാര്‍ പറയുന്നത്. രണ്ടര ഇഞ്ച് ചുണ്ടിനെ നാലര ഇഞ്ചാക്കി മാറ്റുന്ന വികസനപ്രവര്‍ത്തനം. ആ വികസനപ്രവര്‍ത്തനത്തിന്റെ രാസവസ്തുക്കള്‍ എന്തൊക്കെയാണ് എന്ന് ചോദിച്ചാലും ജീവിതാനുഭവങ്ങളുടെ പരുക്കന്‍ കാലത്തിലേക്കാണ് പോകേണ്ടി വരിക. ഇനി ആ പരുക്കന്‍ കാലത്തെ സലിംകുമാര്‍ തിരിച്ചറിയുന്നത് ആദ്യം പറഞ്ഞ വികസനപ്രവര്‍ത്തനമായിട്ടാകും. അതായത് ചിരികൊണ്ട് എല്ലാ അനുഭവങ്ങളെയും അതിജീവിക്കാന്‍ കെല്‍പ്പുള്ള മനുഷ്യന്റെ കഥകളിലേക്ക്.

സലിംകുമാറിന്റെ ജീവിതത്തിലെ ചിരിനിമിഷങ്ങളെ കോര്‍ത്തിണക്കി അത്തരമൊരു സഞ്ചാരം നടത്തുകയാണ് കെവി മധു എന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരുലുക്കില്ലാന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്ന പുസ്തകത്തിലൂടെ. ഏഷ്യാനെറ്റ് ന്യൂസില്‍ ചിത്രം വിചിത്രം എന്ന ആക്ഷേപഹാസ്യപരിപാടി അവതരിപ്പിക്കുന്ന കെവി മധു സലിംകുമാറിനോടൊപ്പം ചെലവഴിച്ച നിമിഷങ്ങളില്‍ നിന്ന് കോര്‍ത്തെടുത്ത ഓര്‍മകളാണ് പുസ്തകത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ വടക്കന്‍ പറവൂരിലെ ചിറ്റാറ്റുകരയെന്ന ഗ്രാമത്തില്‍ നിന്ന് ഇന്ത്യയോളം വളര്‍ന്ന നടനെ പച്ചയായി ആവിഷ്‌കരിക്കുന്നു. 

ആത്മകഥനത്തിന്റെ പതിവ് വഴികളില്‍ നിന്ന് വ്യത്യസ്തമായി ചിരിയുടെ പുത്തന്‍ പാത വെട്ടിത്തുറക്കുന്ന ഒരനുഭവം വായനക്കാരന് സമ്മാനിക്കാന്‍ സലിംകുമാറിന്റെ ലുക്കില്ലാത്ത ബുദ്ധിയിലൂടെ ശ്രമിക്കുകയാണ് കെവി മധു. പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ നാടകം അഭിനയിക്കാനിറങ്ങിത്തിരിച്ചത് മുതല്‍ കഥയില്ലാത്തവനെ കഥയുള്ളവനാക്കി മാറ്റിയ കറുത്ത ജൂതന്‍ വരെ നീളുന്ന അനുഭവങ്ങളാണ് പുസ്തകത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. 

പത്ര-ദൃശ്യമാധ്യമങ്ങളിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ പലപ്പോഴായി പറഞ്ഞിട്ടുള്ള തമാശകള്‍ കൂട്ടിച്ചേര്‍ത്ത് രൂപാന്തരം പ്രാപിച്ചതാണ് ലുക്കില്ലെന്നേയുള്ളൂ, ഭയങ്കരബുദ്ധിയാ എന്ന ഈ പുസ്തകമെന്ന് സലിംകുമാര്‍ പറയുന്നു. മധു ഇങ്ങനെയൊരു സംരംഭവുമായി വന്നപ്പോള്‍ എന്നെക്കുറിച്ചുള്ള ഒരു അടയാളപ്പെടുത്തലാകുമല്ലോയെന്നോര്‍ത്ത് ഞാന്‍ വളരെയധികം സന്തോഷിച്ചു.

ഈ പുസ്തകത്തെ കുറിച്ച് ഞാന്‍ പലരോടും പറഞ്ഞപ്പോള്‍ നിനക്കുതന്നെ എഴുതിയാല്‍ പോരെയെന്നവര്‍ ചോദിച്ചു. ഞാന്‍ അവരോട് പറഞ്ഞു 'കോടീശ്വരന്മാര്‍ ഇന്‍കം ടാക്സ് വെട്ടിക്കാന്‍ ബിനാമി പേരില്‍ സ്വത്തുക്കള്‍ സ്വന്തമാക്കുക പതിവാണ്. ചിരിയുടെ കാര്യത്തില്‍ ഞാനുമൊരു കോടീശ്വരനാണ്. അംബാനിയേക്കാള്‍ വലിയ കോടീശ്വരന്‍. അതുകൊണ്ട് മധു എന്റെ ബിനാമിയായെന്ന് മാത്രം-സലിംകുമാര്‍ പറയുന്നു. 
 

click me!