'അത് ഐ എസ് അല്ല, നമ്മുടെ പിള്ളേരാ'; വ്യാജ പ്രചാരണത്തിനെതിരെ സലീം കുമാര്‍

By Web TeamFirst Published Dec 29, 2018, 11:45 PM IST
Highlights

താന്‍ കൂടി പങ്കെടുത്ത പരിപാടിയെ തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ചതാണെന്നും വിദ്യാര്‍ത്ഥികള്‍ ആഘോഷമായി നടത്തിയ പരിപാടി മാത്രമാണിതെന്നും സലിംകുമാര്‍

തിരുവനന്തപുരം: വർക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികള്‍ പ്രകടനം നടത്തിയെന്ന ജനം ടിവി വാര്‍ത്തയ്ക്കെതിരെ കോളേജ് മാനേജ്മെന്‍റും നടന്‍ സലിംകുമാറും രംഗത്ത്. അത് ഇസ്ലാമിക് സ്റ്റേറ്റ് - അൽ ഖ്വായ്ദ ഭീകരരുടെ പരിപാടിയാണെന്ന വാര്‍ത്ത തെറ്റാണെന്നും യഥാര്‍ത്ഥ സംഭവത്തെ വളച്ചൊടിച്ചാണ് വാര്‍ത്ത നല്‍കിയതെന്നും കോളേജ് മാനേജ്മെന്‍റ് പ്രതികരിച്ചു. താന്‍ കൂടി പങ്കെടുത്ത പരിപാടിയെ ജനം ടി വി തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ചതാണെന്നും വിദ്യാര്‍ത്ഥികള്‍ ആഘോഷമായി നടത്തിയ പരിപാടി മാത്രമാണിതെന്നും സലിംകുമാറും വ്യക്തമാക്കി.

വർക്കല ചവർക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാർത്ഥികള്‍ അൽ ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജിൽ എത്തിയെന്നായിരുന്നു ജനം ടി വി, ആഘോഷത്തിന്‍റെ വീഡിയോ സഹിതം നല്‍കിയ വാര്‍ത്ത. അൽ ഖ്വായ്ദയുടെ പതാക ഉയർത്തുന്നുണ്ടെന്നും കേരളം ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്നുമായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐ എസ് - അൽ ഖ്വായ്ദ ഭീഷണിയുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും കോളേജിലെ പരിപാടിക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷത്തിന്‍റെ തീം ആയാണ് അവര്‍ ആ വസ്ത്രം ധരിച്ചതെന്നും സലീം കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നേരത്തേ നിശ്ചയിച്ച രീതിയില്‍ കറുപ്പും വെളുപ്പും വസ്ത്രം ധരിച്ചാണ് വിദ്യാര്‍ത്ഥികളെത്തിയത്. തന്‍റെ ഒരു സിനിമയിലെ വേഷം അവര്‍ തീമായി ഉപയോഗിക്കുകയായിരുന്നു. തന്നോടും അവര്‍ അത് ആവശ്യപ്പെട്ടിരുന്നു. പാട്ടും നൃത്തവുമായി ആഘോഷിച്ചതല്ലാതേ ഒരു മുദ്രാവാക്യവും വിദ്യാര്‍ത്ഥികള്‍ മുഴക്കിയിട്ടില്ലെന്നും സലീം കുമാര്‍ വ്യക്തമാക്കി.

''കോളേജിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇത്. ആ കുട്ടികള്‍ വളര്‍ന്നുവരുന്നവരാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാനാകില്ല'' എന്നും സലീം കുമാര്‍ പറ‌ഞ്ഞു. പരിപാടിയില്‍ സലീം കുമാറും കറുപ്പ് വേഷം ധരിച്ചാണ് എത്തിയത്. കോളേജ് വാര്‍ഷികത്തിന്‍റെ ഭാഗമായായിരുന്നു ആഘോഷം. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് താനും കറുപ്പ് വസ്ത്രം ധരിച്ചെത്തിയതെന്നും സലിം കുമാര്‍ വ്യക്തമാക്കി.

കുട്ടികളുടെ പരിപാടിയെ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. കോളേജില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. കോളേജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പാണ് തീവ്രവാദ പ്രവര്‍ത്തനമെന്ന പേരിട്ട് പ്രചരിപ്പിക്കുന്നതെന്നും മാനേജ്മെന്‍റ് പറഞ്ഞു.

 

click me!