സല്‍മാന്‍ ഖാന്‍ ജയിലിലേക്ക്; കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ 5 വർഷം തടവ്

Web Desk |  
Published : Apr 05, 2018, 02:43 PM ISTUpdated : Jun 08, 2018, 05:45 PM IST
സല്‍മാന്‍ ഖാന്‍  ജയിലിലേക്ക്; കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ 5 വർഷം തടവ്

Synopsis

വിവാദങ്ങളുടെ പ്രിയതോഴന്‍ സല്‍മാന്‍ ഖാന്‍ വീണ്ടും ജയിലിലേക്ക് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നായിരുന്നു കേസ്

വിവാദങ്ങളുടെ പ്രിയതോഴന്‍ സല്‍മാന്‍ ഖാന്‍ വീണ്ടും ജയിലിലേക്ക്.  ഇരുപതുകൊല്ലം പഴക്കമുളള മാന്‍വേട്ട കേസിലാണ് ബോളിവുഡ് താരം സല്‍മാന്‍ഖാനെ ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 5കൊല്ലം തടവിന് ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും നൽകണം. സല്‍മാന്‍ ഖാനൊഴികെ മറ്റുളളവരെ ജോധ്പുര്‍ കോടതി കുറ്റവിമുക്തരാക്കി. 1998 ഒക്ടോബറില്‍ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂരിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. കങ്കാണി ഗ്രാമത്തില്‍ രാത്രി വേട്ടയ്ക്കിറങ്ങിയ ഖാനും സംഘവും കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നായിരുന്നു കേസ്. 

സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്രേ, തബു, നീലം എന്നിവരായിരുന്നു കൂട്ടുപ്രതികള്‍. ജിപ്സി വാഹനം ഓടിച്ചിരുന്ന സല്‍മാനാണ് കൃഷ്ണമൃഗത്തെ കണ്ടപ്പോള്‍ തോക്കെടുത്തു വെടിവച്ചതെന്ന്  പ്രോസിക്യൂഷന്‍ ആരോപിച്ചു. സംരക്ഷിത വനമേഖലയില്‍ അനധികൃതമായി കടന്നു, വംശനാശ ഭീഷണി നേരിടുന്ന മാനിനെ കൊലപ്പെടുത്തി, ലൈസന്‍സ് ഇല്ലാത്ത ആയുധം വേട്ടയ്ക്കായി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയത്. പട്ടിയുടെ കടിയേറ്റ് കുഴിയില്‍ വീണാണ് മാനുകള്‍ ചത്തതെന്നും ഇതില്‍ താരങ്ങളെ കുടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. 2007-ല്‍ ഈ കേസില്‍ അഞ്ചുകൊല്ലം തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഓരാഴ്ചത്തെ ജയില്‍വാസത്തിനുശേഷം ജാമ്യത്തിലിറങ്ങി.

 കഴിഞ്ഞമാസം 28-ന് വാദം പൂര്‍ത്തിയായ കേസിലാണ് ഒരാഴ്ചയ്ക്കുശേഷം വിധിവരുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി ബോളിവുഡില്‍ സൂപ്പര്‍താരപദവിയില്‍ വിലസുന്ന സല്മാന്‍ വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു. മറ്റൊരു മാന്‍വേട്ട കേസില്‍ നിന്ന് രണ്ടുകൊല്ലം മുമ്പ് ഖാന്‍ ശിക്ഷകിട്ടാതെ രക്ഷപെട്ടിരുന്നു. ചിങ്കാരമാനുകളെ കൊന്നകേസിലാണ് ജോധ്പുര്‍ കോടതി സല്‍മാനെ കോടതി വെറുതെവിട്ടത്. 2002-ല്‍  വഴിയരികില്‍ ഉറങ്ങിക്കിടന്നവരെ കാര്‍ കയറ്റി കൊന്നുവെന്ന കേസിലും ഖാന് ശിക്ഷിക്കപ്പെട്ടില്ല. 300 കോടിയിലേറെ കളക്ട് ചെയ്യുന്ന സിനിമകളുളള താരം ജയിലിലാകുന്നത് ബോളിവുഡിന് വലിയ തിരിച്ചടിയാകും.

 ഖാന്‍ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതുമായ അരഡസനോളം ബോളിവുഡ് ചിത്രങ്ങളെ ഇത് ബാധിക്കും. ചിത്രീകരണം നടക്കുന്ന റേസ്-3 അടക്കമുളള ചിത്രങ്ങളും ചില ടെലിവിഷന്‍ ഷോകളും മുടങ്ങുന്നതോടെ 1000 കോടിയോളം രൂപയുടെ പ്രതിസന്ധി വിനോദവ്യവസായത്തിലുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ