സലൂണ്‍ മാനേജരായ യുവതിയുടെ കൊലപാതകം; കേസ് അന്വേഷണം വഴിമുട്ടി

By Web DeskFirst Published May 18, 2018, 6:27 PM IST
Highlights

പ്രതികളെ പിടികൂടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും മൃതദേഹം കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുകയാണ്. 

മുംബൈ:   മുംബൈയില്‍ സലൂണ്‍ മാനേജരായ യുവതിയുടെ കൊലപാതക കേസില്‍ അന്വേഷണം വഴിമുട്ടി. കേസില്‍ പ്രതികളെ പിടികൂടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും മൃതദേഹം കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുകയാണ്. 

കേസില്‍ അറസ്റ്റിലായ ഷിദ്ദേഷ്, കുശി എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വഡാലയിലെ ഉപ്പുപാടങ്ങളും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തി. ഇവിടെ നിന്നും മ്യതദേഹം കണ്ടെത്താനായില്ല. കൃതിയുടേതെന്ന് കരുതുന്ന ചെരുപ്പും വസ്ത്രങ്ങളും പൊലീസ് പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ശാസ്ത്രീയമായ പരിശോധനക്കായി അയച്ചു. 

മൃതദേഹം കണ്ടെത്താനായി, ജ്യൂഡീഷല്‍ കസ്റ്റഡിയിലുള്ള പ്രതികളെ വീണ്ടും ചോദ്യചെയ്യാനാണ് പൊലീസ് തീരുമാനം. എന്നാല്‍ കേസില്‍ അറസ്റ്റിലായ കുശി നിരപരാധിയാണെന്ന വാദവുമായി കുടുംബം രംഗത്ത് എത്തി. കുശിയെ പൊലീസ്  കേസില്‍പ്പെടുത്തുകയായിരുന്നുവെന്ന്  ഇവര്‍ ആരോപിക്കുന്നു. 

മാര്‍ച്ച് 16 നാണ് മുംബൈയില്‍ സലൂണ്‍ മാനേജരായ കൃതി വാസ് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ഒന്നരമാസത്തിന് ശേഷമാണ് രണ്ട് പ്രതികളെ പിടികൂടിയത്. ജോലിയിലെ നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കില്‍ പിരിച്ചു വിടുമെന്ന് കാട്ടി സ്ഥാപനത്തിലെ ജീവനക്കാരായ ഷിദ്ദേഷിനും കുശിക്കും കൃതി നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിന് ഇരുവരും ചേര്‍ന്ന് കൃതിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
 

click me!