'ലാവലിനില്‍ പിണറായിയെ പ്രതിയാക്കിയതില്‍ ഗൂഢാലോചന'- സാല്‍വെയുടെ വാദം പൂര്‍ത്തിയായി

By Web DeskFirst Published Mar 17, 2017, 11:57 AM IST
Highlights

ലാവലിന്‍ കേസില്‍ പിണറായി വിജയനുവേണ്ടി ഹൈക്കോടതിയില്‍ ഹരീഷ് സാല്‍വേയുടെ വാദം പൂര്‍ത്തിയായി. സിബിഐയുടെ കുറ്റപത്രം തികഞ്ഞ അസംബന്ധമെന്ന് വിശേഷിപ്പിച്ച സാല്‍വേ പിണറായി വിജയനെ മാത്രം പ്രതിയാക്കിയതിന് പിന്നില്‍ തികഞ്ഞ ഗൂഡാലോചനയുണ്ടെന്നും ആരോപിച്ചു. പദ്ധതി സംബന്ധിച്ച് മന്ത്രി സഭയുടെ പൂര്‍ണ അറിവുണ്ടായിരിക്കെ ഇടപാടില്‍ ഗൂഡാലോചന ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയായിരുന്ന ഇ. കെ.നായനാരും പ്രതിയാകേണ്ടതല്ലെയെന്നും സാല്‍വേ ചോദിച്ചു.

ലാവലിന്‍ റിവിഷന്‍ ഹര്‍ജിയിലെ വാദത്തിനിടെ പിണറായി വിജയനു വേണ്ടി രാജ്യത്തെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വേ  നിരത്തിയ വാദങ്ങള്‍ ഇതായിരുന്നു. വൈരുധ്യങ്ങള്‍ നിറഞ്ഞ അസംബന്ധങ്ങളുടെ കെട്ടാണ് ലാവലിന്‍ കേസിലെ സി ബി ഐയുടെ കുറ്റപത്രം. കെട്ടുകഥകള്‍ കൊണ്ട് സത്യത്തെ മറയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ സദുദ്ദേശത്തോടെയാണ് കരാറില്‍ പങ്കുചേര്‍ന്നത്. പിണറായി വിജയന് മുമ്പ് ഇക്കാര്യത്തില്‍ ഇടപെട്ടത് യു ഡി എഫ് സര്‍ക്കാരില്‍ വൈദ്യുത മന്ത്രിയായിരുന്ന ജി കാര്‍ത്തികേയനാണ്. തുടര്‍നടപടി മാത്രമാണ് പിണറായി' വിജയന്‍ സ്വീകരിച്ചത്. എന്നിട്ടും കാര്‍ത്തികേയന്‍ കേസില്‍ ഉള്‍പ്പെട്ടില്ല. ഇതിനു പിന്നില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഗൂഡാലോചനയുണ്ട്. ലാവലിന്‍ കമ്പനിയുടെ വിശ്വാസ്യതയില്‍ സിബിഐക്ക് പോലും സംശയമില്ല. സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് അവര്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് ലാവലിന്‍ സഹായം വാഗ്ദാനം ചെയ്തത്. പക്ഷേ തുടര്‍ സര്‍ക്കാര്‍ വേണ്ട വിധം പ്രവര്‍ത്തിക്കാത്തതു കൊണ്ടാണ് ഈ പണം കിട്ടാതെ പോയത്. ലാവലിന്‍ കരാര്‍ കൊണ്ട് സംസ്ഥാന ഖജനാവിന് യാതൊരു നഷ്ടവുമില്ല. ലാവലിന്‍ കമ്പനി മുമ്പ് കേരളത്തിലെ നിരവധി വൈദ്യുത പദ്ധതികളില്‍ വിജയകരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കനേഡിയന്‍ സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ലോകബാങ്ക് അംഗീകാരമുള്ള ലാവലിന് തന്നെ കരാര്‍ നല്‍കിയത്. മന്ത്രി സഭയുടെ പൂര്‍ണ അറിവോടെയായിരുന്നു ഇത്. കരാറിന് പിണറായി വിജയന്‍ അമിത താല്‍പര്യം കാട്ടിയിട്ടില്ല. മന്ത്രിസഭയുടെ പൂര്‍ണ അറിവോടെ നടപ്പാക്കിയ പദ്ധതിയില്‍ പിണറായി മാത്രം എങ്ങനെ പ്രതിയായി? ഗൂഡാലോചനയുണ്ടെങ്കില്‍ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും ചിഫ് സെക്രട്ടറി സി.പി നായരും അടക്കമുള്ളവര്‍ പ്രതിയാകേണ്ടതല്ലെ? ഇല്ലാത്ത ഗൂഡാലോചനയുടെ പേരിലാണ് പിണറായി വിജയനെ പ്രതിയാക്കിയതെന്നും സാല്‍വേ വാദിച്ചു. ഹരീഷ് സാല്‍വേയുടെ വാദം പൂര്‍ത്തിയായെങ്കിലും റിവിഷന്‍ ഹര്‍ജിയിലെ തുടര്‍വാദം 27 ന് നടക്കും.

click me!