
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി തേടി നിയമ പോരാട്ടത്തിനൊരുങ്ങി ഭാര്യ വിജിയും കുടുംബവും. സനല്‍ മരിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി നാളെ ഉപവസമിരിക്കും.
സനൽകുമാർ മരിച്ചെന്ന് ആറിഞ്ഞ ഉടനെ രക്ഷപെട്ട ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ കീഴടങ്ങുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഹരികുമാര്‍ കീഴടങ്ങുകയോ പൊലീസിന് ഇയാളെ കണ്ടെത്താന്‍ സാധിക്കുകയോ ചെയ്തിട്ടില്ല.
കൊലപാതകം നടന്ന ഏഴാം ദിവസമാണ് കേസില്‍ ആദ്യ അറസ്റ്റ് ഉണ്ടായത്. പ്രതി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ചതിന് തൃപ്പരപ്പിലെ ഒരു ലോഡ്ജ് നടത്തിപ്പികാരനാണ് പിടിയിലായത്. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സനല്‍ മരിച്ചെന്ന് അറിഞ്ഞ ഉടനെ രക്ഷപെട്ട ഹരികുമാര്‍ എത്തിയത് തൃപ്പരപ്പിലെ അക്ഷര ടൂറിസ്റ്റ് ഹോമിലാണ്. നേരത്തെ പരിചയമുണ്ടായിരുന്ന മാനേജർ സതീഷ് നൽകിയ രണ്ട് സിംകാർഡ് ഉപോയഗിച്ചാണ് ഇയാൾ പലരേയും വിളിച്ചത്. പക്ഷേ ബുധനാഴ്ചയ്ക്ക് ശേഷം ഈ സിംകാർഡുകളിൽ നിന്നും ആരെയും വിളിച്ചിട്ടില്ല. സതീഷിന്‍റെ ഡ്രൈവർ രമേശുമായാണ് ഹരികുമാർ തൃപ്പരപ്പിൽ നിന്ന് പോയത്. രമേശിനേക്കുറിച്ചും ഇപ്പോൾ വിവരമൊന്നുമില്ല.
ഡിവൈഎസ്പിക്കും ബിനുവിനും ഒളിവിൽ പോകാൻ ബന്ധുവിന്‍റെ കാര്‍ എത്തിച്ച് നല്‍കിയ അനൂപ് കൃഷ്ണയും പൊലീസ് പിടിയിലായിട്ടുണ്ട്. ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ കഴിയുന്ന ബിനുവിന്‍റെ മകനാണ് അനൂപ് കൃഷ്ണ. അനൂപ് കൃഷ്ണ എത്തിച്ചുകൊടുത്ത കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന്‍റെ ചുമതല ഐ ജി ശ്രീജിത്തിന് കൈമാറി. നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന സനലിന്‍റെ കുടുംബത്തിന്‍റെ നിലപാടും ആക്ഷൻ കൗൺസിലിന്‍റെ എതിർപ്പുമാണ് കാരണം. സർക്കാറിൽ വിശ്വാസമുണ്ടെന്നായിരുന്നു സനലിന്‍റെ ഭാര്യ വിജി ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ അന്വേഷണത്തിന് കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണെന്ന് ഇന്ന് വിജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam