സന്തോഷ് കീഴാറ്റൂരും പറയുന്നു വിവാ... ബ്രസീല്‍...

By web deskFirst Published Jun 13, 2018, 12:36 AM IST
Highlights
  • പെലെയില്‍ തുടങ്ങിയ ആരാധന റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും ഒക്കെ കടന്ന് ഇപ്പോള്‍ നെയ്മറിലെത്തിയിരിക്കുന്നു.

തിരുവനന്തപുരം: നാടകപ്രവര്‍ത്തകനും സിനിമ നടനുമായ സന്തോഷ് കീഴാറ്റൂറിന്റെ ഇഷ്ടപ്പെട്ട ടീം ബ്രസീലാണ്. എന്തുകൊണ്ട് ബ്രസീല്‍ പ്രിയപ്പെട്ട ടീമാകുന്നുവെന്ന് സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.

നാടകക്കാലത്ത് ഫുട്‌ബോളും എനിക്ക് ആവേശമായിരുന്നു. അതിനു കാരണം ബ്രസീല്‍ തന്നെയാണ്. മഞ്ഞക്കുപ്പായത്തില്‍ അവര്‍ പന്തുതട്ടുന്നതു കണ്ട ആവേശത്തില്‍ അറിയാതെ നമ്മുടെ കാലുകളും ചലിക്കാറുണ്ട്.  ലോകകപ്പ് മത്സരങ്ങള്‍ കണ്ട് നാട്ടിലെ കുട്ടികള്‍ കളത്തിലിറങ്ങുമ്പോള്‍ ഒപ്പം ചേരണമെന്ന് ഇപ്പോഴും തോന്നാറുണ്ട്. അതിനെല്ലാം അവര്‍ തന്നെയാണ് കാരണം. പെലെയില്‍ തുടങ്ങിയ ആരാധന റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും ഒക്കെ കടന്ന് ഇപ്പോള്‍ നെയ്മറിലെത്തിയിരിക്കുന്നു. നെയ്മര്‍ കപ്പുയര്‍ത്തുന്നത് കാണാന്‍ തന്നെയാണ് ഞാനും കാത്തിരിക്കുന്നത്.

കഴിഞ്ഞ ലോകകപ്പിലെ ആഘാതത്തില്‍ നിന്ന് ബ്രസീല്‍ മുക്തരായിക്കഴിഞ്ഞുവെന്നാണ് തോന്നുന്നത്. അന്ന് നെയ്മറിന് പരുക്കേറ്റ് പുറത്തുപോകേണ്ടി വരികയും പിന്നീട് ബ്രസീലിന് കനത്ത തോല്‍വി ഏറ്റുവാങ്ങുകയും ചെയ്യേണ്ടി വന്നത് നേരിട്ട് കണ്ടിരുന്നില്ല. പിറ്റേദിവസത്തെ പത്രങ്ങളില്‍ ആ വാര്‍ത്ത കണ്ടപ്പോള്‍ എല്ലാ ബ്രസീല്‍ ആരാധകരെയും പോലെ എന്നെ സങ്കടപ്പെടുത്തിയിരുന്നു. പക്ഷേ ആ ബ്രസീല്‍ അല്ല ഇന്നത്തെ ബ്രസീല്‍. സന്നാഹ മത്സരത്തിലെ അവരുടെ പ്രകടനം നമ്മള്‍ കണ്ടതാണ്. അവര്‍ കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയുടെ ഓര്‍മ്മ മായ്ച്ചുകളയും, കപ്പടിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
 

click me!