
തൃശൂര്‍: രഹന ഫാത്തിമയെ പിന്തുണച്ച് എഴുത്തുകാരി സാറ ജോസഫ്. ലിംഗ നീതിക്ക് എതിരായ അറസ്റ്റാണ് രഹന ഫാത്തിമയുടേതെന്ന് അവര്‍ പറഞ്ഞു. രഹനയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടത്. ധിക്കരിക്കാതെ ഇടിച്ചു കയറാനാകില്ലെന്നും സാറാ ജോസഫ് പറഞ്ഞു. രഹന ജയിലിൽ കിടക്കുന്നത് എന്തിന്റെ പേരിലായാലും ലിംഗ നീതിക്ക് എതിരാണെന്ന് അവര്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹന പ്രവേശിക്കാൻ ശ്രമിച്ചതെന്നും സാറാ ജോസഫ് തൃശൂരിൽ പറഞ്ഞു.
ശബരിമല ദർശനത്തിനെത്തി വിവാദത്തിലായ രഹന ഫാത്തിമയെ ചൊവ്വാഴ്ചയാണ് കൊച്ചിയിൽ നിന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. മതസ്പർദ്ദ ഉണ്ടാക്കിയെന്ന കേസിൽ രഹന ഫാത്തിമ റിമാൻഡിലാണുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് (04/12/18) തള്ളിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്നപ്പോഴാണ് രഹന ഫാത്തിമ മലകയറാൻ എത്തിയത്. പൊലീസ് സംരക്ഷണത്തിൽ നടപന്തൽവരെ എത്തിയെങ്കിലും കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ മടങ്ങേണ്ടി വരികയായിരുന്നു.
മലകയറുന്നതിന് മുമ്പ് രഹന ഫാത്തിമ ഫെയ്സ്ബുക്കിൽ പങ്ക് വെച്ച ചിത്രമാണ് ഇവര്‍ക്കെതിരായ കേസിനാസ്പദമായത്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്‌റ്റ് ചെയ്തത്. തത്വമസി എന്ന അടികുറിപ്പോടെയായിരുന്നു ചിത്രം. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രഹന ഫാത്തിമ പലരുടെയും കണ്ണിലെ കരടായി മാറി. മത വികാരം വ്രണപെടുത്തിയെന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam